Connect with us

Wayanad

വിദ്യാഭ്യാസവായ്പ പലിശ സബ്‌സിഡി: ഡിപ്ലോമ കോഴ്‌സെടുത്തവര്‍ക്ക് പ്രഹരമായി

Published

|

Last Updated

കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്പയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ സബ്‌സിഡി അംഗീകൃത ഗ്രാജ്വറ്റ്, പോസ്റ്റ് ഗ്രാജ്വറ്റ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുമാത്രം അനുവദിക്കുന്ന ബാങ്കുകളുടെ നിലപാട് ഡിപ്ലോമ കോഴ്‌സുകള്‍ക്കായി കടമെടുത്തവര്‍ക്ക് പ്രഹരമായി.
ബാങ്കുകളുടെ വിവേചനം ഡിപ്ലോമ കോഴ്‌സുകള്‍ക്കായി വായ്പയെടുത്ത ആയിരക്കണക്കിനു ചെറുപ്പക്കാരെയാണ് ഗതികേടിലാക്കിയത്. ബി.എഡ്, എന്‍.ഡി.ടി.പി, ജി.എന്‍.എം തുടങ്ങിയവയെ ഡിപ്ലോമ ഗണത്തിലാണ് ബാങ്കുകള്‍ പെടുത്തുന്നത്.
കടം കുടിശികയാക്കിയ ഡിപ്ലോമക്കാര്‍ക്ക് ബാങ്കുകള്‍ നോട്ടീസ് അയച്ചുവരികയാണ്. രണ്ടാഴ്ചക്കകം കുടിശിക തീര്‍ത്തില്ലെങ്കില്‍ രക്ഷിതാക്കളുടെ സ്വത്തില്‍നിന്നു തുക പിടിക്കുമെന്നാണ് നോട്ടീസില്‍. നിവൃത്തികേടുപറഞ്ഞ് സമീപിക്കുന്നവരെ ബാങ്ക് അധികാരികള്‍ നിഷ്‌കരുണമാണ് നേരിടുന്നതും.
വായ്പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയവരില്‍ ഒരു വിഭാഗത്തിനു ബാങ്കുകള്‍ സബ്‌സിഡി നിഷേധിക്കുന്നതിനെതിരേ എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷനും വിദ്യാഭ്യാസ വായ്പ പീഡിത ഫോറവും രംഗത്തുവന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പരിശ സബ്‌സിഡി മുഴുവന്‍ വിദ്യാഭ്യാസ വായ്പകള്‍ക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെടുന്ന ഈ സംഘടനകള്‍ ബാങ്കുകളുടെ വിവേചനത്തിനെതിരെ പ്രക്ഷോഭത്തിനും ഒരുങ്ങുകയാണ്.
2004 ഏപ്രില്‍ ഒന്നിനും 2009 മാര്‍ച്ച് 31 നും ഇടയില്‍ വിദ്യാഭ്യാസ വായ്പയെടുത്ത മൂന്നു ലക്ഷം രൂപവരെ വാര്‍ഷിക കുടുംബവരുമാനമുള്ള തൊഴില്‍രഹിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പലിശയിളവ് അനുവദിച്ചിരുന്നു. ഇതിനായി പുറപ്പെടുവിച്ച ഉത്തരവ് 2014 ജൂണ്‍ 27ന് മറ്റൊരു ഉത്തരവിലൂടെയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. 2014-“15ലെ ബജറ്റില്‍ പുതിയ പലിശ സബ്‌സിഡി സ്‌കീം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇത്. 2009 മാര്‍ച്ച് 31 വരെ ഷെഡ്യൂള്‍ഡ്, കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍നിന്നു വിദ്യാഭ്യാസ വായ്പയെടുത്ത നാലര ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബവരുമാനമുള്ളവരുടെ 2013 ഡിസംബര്‍ 31 വരെയുള്ള കുടിശികയുടെ പലിശ ഏറ്റെടുക്കുന്നതാണ് കേന്ദ്ര പദ്ധതി.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ ഇളവ് ലഭിക്കുന്നതിനു വിദ്യാഭ്യാസ വായ്പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയതില്‍ തൊഴില്‍ ലഭിക്കാത്ത അനേകം യുവതീയുവാക്കള്‍ ജില്ലാ കലക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ അപേക്ഷിച്ചിരുന്നു. ഈ അപേക്ഷകളില്‍ പരിശോധന നടന്നുവരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ പലിശ സബ്‌സിഡി സ്‌കീം പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് ബാങ്കുകളെ സമീപിക്കുന്നതിനു അപേക്ഷകര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനു ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായിരുന്നു.
കടക്കെണിയില്‍നിന്നു തലയൂരാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ സബ്‌സിഡി സഹായകമാകുമെന്ന് കുടിശികക്കാര്‍ കരുതിയിരിക്കെയാണ് ഡിപ്ലോമ കോഴ്‌സുകാര്‍ക്ക് ആനുകൂല്യം നല്‍കേണ്ടെന്ന ബാങ്കുകളുടെ നിലപാടെന്ന് എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ ട്രഷറര്‍ എം.വി.പ്രഭാകരന്‍ പറഞ്ഞു.
വായ്പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയവരില്‍ സിംഹഭാഗവും നിരാശയിലാണ്. മെച്ചപ്പെട്ട ശമ്പളത്തില്‍ ജോലി ലഭിക്കാത്തതാണ് ഇവര്‍ നേരിടുന്ന മുഖ്യപ്രശ്‌നം. സ്വകാര്യ സ്ഥാപനങ്ങളില്‍ തുച്ഛ വേതനത്തില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് വായ്പയുടെ ചെറിയ ഭാഗം പോലും തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല.
വര്‍ഷങ്ങള്‍ കഴിയുംതോറും പലിശയും പിഴപ്പലിശയുമായി കടം പെരുകുകയുമാണ്. പനമരം എരനെല്ലൂരിലെ പദ്മമരാജന്റെ മകള്‍ ധന്യയുടെ കാര്യം ഇതിനുദാരഹണം. 2007ല്‍ കാനറ ബാങ്കിന്റെ പനമരം ശാഖയില്‍നിന്നു 33,000 രൂപ വായ്പയെടുത്താണ് ധന്യ ബി.എഡ് പൂര്‍ത്തിയാക്കിയത്. ഭേദപ്പെട്ട ശമ്പളത്തില്‍ ഇതുവരെ ജോലിക്ക് കയാറാനായില്ല. സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപികയായ ധന്യക്ക് ഏകദേശം 5,000 രൂപയാണ് മാസം വേതനം. ഇതില്‍നിന്നു ചെറിയ തുകപോലും മിച്ചംപിടിക്കാനും ബാങ്കില്‍ അടയ്ക്കാനും കഴിഞ്ഞില്ല. നിലവില്‍ 77,100 രൂപ ബാധ്യതയുണ്ടെന്നാണ് ധന്യയ്ക്ക് കഴിഞ്ഞ ദിവസം ബാങ്കില്‍നിന്നു ലഭിച്ച നോട്ടീസില്‍.
വിദ്യാഭ്യാസ വായ്പയെടുത്ത മുഴുവന്‍ ആളുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ ഇളവ് കോഴ്‌സിന്റെ സ്വഭാവം കണക്കിലെടുക്കാതെ ലഭ്യമാക്കണമെന്ന് വിദ്യാഭ്യാസ വായ്പാ പീഡിതഫോറം ഭാരവാഹികളായ വമ്മേരി രാഘവന്‍, എന്‍.ജെ.ചാക്കോ എന്നിവര്‍ ആവശ്യപ്പെട്ടു. തിരിച്ചടവിനു ശേഷിയില്ലാത്തവരുടെ മുഴുവന്‍ കടവും എഴുതിത്തള്ളണം. കുടിശികക്കാരന്റെ തിരിച്ചടവുശേഷി ബാങ്കുകള്‍ പ്രദേശത്തെ ജനപ്രതിനിധികളുടേയും പൊതുപ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ നടത്തുന്ന പരിശോധനയിലൂടെ നിര്‍ണയിക്കണം- ഫോറം നേതാക്കള്‍ നിര്‍ദേശിച്ചു.

Latest