കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമം: ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം

Posted on: December 7, 2014 9:42 am | Last updated: December 7, 2014 at 9:42 am

കല്‍പ്പറ്റ: കുട്ടികളുടെ മേല്‍ നടക്കുന്ന ലൈംഗീകാതിക്രമ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് സംഘടിപ്പിച്ച ഓറിയന്റേഷന്‍ ക്ലാസ്സില്‍ അഭിപ്രായമുയര്‍ന്നു.
ഇത്തരം കുട്ടികളെ വൈദ്യപരിശോധനക്ക് ബന്ധപ്പെട്ടവര്‍ ഹാജരാക്കുമ്പോള്‍ കുട്ടിയുടെ മാനസീക -ശാരീരിക – സാമൂഹ്യ സാഹചര്യങ്ങള്‍കൂടി മനസ്സിലാക്കി വേണം കുട്ടിയോട് ഇടപെടാനെന്ന് ക്ലാസ്സില്‍ സംസാരിച്ച ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.കെ. ദിനേശ് കുമാര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ വൈദ്യപരിശോധനക്ക് മുമ്പും പിമ്പും കൗണ്‍സലിംഗ് കുട്ടിക്ക് ഉറപ്പുവരുത്തണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികളെ ലൈംഗീകാതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന നിയമം, സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള മെഡിക്കോ ലീഗല്‍ ഗൈഡ്‌ലൈന്‍ പ്രൊട്ടോക്കോള്‍ എന്നിവയില്‍ നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ പരമാവധി പാലിക്കണം. ചികിത്സക്കായി എത്തുന്ന കുട്ടികള്‍ ഏതെങ്കിലും രീതിയില്‍ ശാരീരിക-മാനസീക- ലൈംഗീക പീഢനത്തിന് വിധേയരായതായി മനസ്സിലാക്കിയാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ലാസ്സില്‍ 35 ഓളം മെഡിക്കല്‍ ഓഫീസര്‍മാര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നീതാവിജയന്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. വിദ്യാ കെ.ആര്‍., ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ്, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. വി. ജിതേഷ്, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിക്ടര്‍ ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.