മതേതരത്വം മതരഹിത വ്യവസ്ഥ അല്ല -പി സി ജോര്‍ജ്

Posted on: December 7, 2014 6:14 am | Last updated: December 7, 2014 at 9:16 am

pc georgeആലപ്പുഴ: മതേതരത്വമെന്ന് പറയുന്നത് മതമില്ലാത്ത അവസ്ഥയല്ലെന്നും അത് പ്രസംഗിച്ച് നടക്കാന്‍ മാത്രമുള്ളതല്ലെന്നും ഗവ ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. പി ഡി പി ജില്ലാ കമ്മിറ്റി സക്കരിയ ബസാറില്‍ സംഘടിപ്പിച്ച മതേതരത്വ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തെ ഉള്‍ക്കൊള്ളുകയും അതനുസരിച്ച് സ്വയം ജീവിക്കുകയും മറ്റ് മതങ്ങളെയും മതസ്ഥരെയും ആദരിക്കുകയും ചെയ്യുക എന്നുള്ളതാണ് മതേതരത്വം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഭരണാധികാരികളെയും ആയിരക്കണക്കിന് പട്ടാളക്കാരെയും കാഴ്ചക്കാരാക്കി പ്രാര്‍ഥന നടന്നിരുന്ന ബാബരി മസ്ജിദ് ഒരുകൂട്ടം വര്‍ഗീയ ഭ്രാന്തന്മാര്‍ തകര്‍ത്ത സംഭവം മതേതരത്വത്തിന്റെ കടക്കല്‍ കത്തിവെച്ച ആദ്യ സംഭവമായി. നീതിക്കുവേണ്ടി പോരാടുന്ന വ്യക്തിയാണ് താനെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ മോചനവുമായി ബന്ധപ്പെട്ട് ഇടപെടണം. മഅ്ദനിയുടെ കാര്യത്തില്‍ തീര്‍ത്തും ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ് നടക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണം. ദൈവം പറഞ്ഞ കാര്യങ്ങളില്‍ നിന്നും മനുഷ്യന്‍ വ്യതിചലിച്ച് പോകുമ്പോള്‍ അവന്‍ കാലാകാലങ്ങളില്‍ പൂര്‍വികര്‍ക്ക് നല്‍കിയ പരീക്ഷണങ്ങള്‍ പോലെയാണ് ഇപ്പോഴത്തെ പക്ഷിപ്പനിയടക്കമെന്നും അദ്ദേഹം പറഞ്ഞു. പി ഡി പി ജില്ലാ പ്രസിഡന്റ് അഡ്വ. മുട്ടം നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി മുഖ്യപ്രഭാഷണം നടത്തി. പി പി ചിത്തരഞ്ജന്‍, ചുനക്കര ജനാര്‍ദനന്‍ നായര്‍ സംസാരിച്ചു.