പരിസ്ഥിതി ക്ലിയറന്‍സിന് ലക്ഷങ്ങളുടെ ഫീസ് ഈടാക്കാന്‍ നിര്‍ദേശം

Posted on: December 7, 2014 9:04 am | Last updated: December 7, 2014 at 9:04 am

തേഞ്ഞിപ്പലം: സംസ്ഥാനത്ത് സൗജന്യമായി നല്‍കിയിരുന്ന സംസ്ഥാന തല പരിസ്ഥിതി ആഘാത നിയന്ത്രണ അതോറിറ്റിയുടെ ക്ലിയറന്‍സിന് വന്‍ ഫീസ് ഈടാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം.

സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സൗജന്യമായി നല്‍കിയിരുന്ന സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമായിട്ടാണിതെന്നാണ് കരുതുന്നത്. ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് പരിസ്ഥിതി ആഘാത നിയന്ത്രണ അതോറിറ്റി ഡയറക്ടര്‍ സംസ്ഥാന പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന ഡയറക്ടര്‍ക്ക് നല്‍കിയ കത്ത് സര്‍ക്കാര്‍ പഠന വിധേയമാക്കിയാണ് പരിസ്ഥിതി ആഘാത നിയന്ത്രണ അതോറിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
ഖനന പ്രവര്‍ത്തനങ്ങളല്ലാത്ത പദ്ധതികളുടെ പാരിസ്ഥിതിക അനുമതിക്ക് രണ്ട് ലക്ഷം രൂപയും 10 ഹെക്ടറില്‍ കുറയാത്ത ഖനന പ്രവര്‍ത്തനങ്ങളുടെ പാരിസ്ഥിതിക അനുമതിക്ക് 2.5 ലക്ഷം രൂപയും അഞ്ച് ഹെക്ടറിന്റെയും 10 ഹെക്ടറിന്റെയും ഇടയിലുളള ഖനന പാരിസ്ഥിതിക അനുമതിക്ക് രണ്ട് ലക്ഷം രൂപയും അഞ്ച് ഹെക്ടറിന്റെയും ഒരു ഹെക്ടറിന്റെയും ഇടയിലുള്ളതിന് ഒരു ലക്ഷം രൂപയും ഒരു ഹെക്ടറില്‍ താഴെയുളളതിന് 75000 രൂപയുമാണ് സ്ഥിര സ്വഭാവമുളള ഫീസായി കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറിന് കീഴിലുളള വകുപ്പുകള്‍ക്ക് ഈ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, കോര്‍പറേഷനുകള്‍ക്കും പൊതു വിഭാഗത്തിന് കീഴിലുളള ബോര്‍ഡുകള്‍ക്കും ഫീസ് ഒടുക്കേണ്ടതുണ്ട്. നാബെറ്റ് പോലുള്ള ഏജന്‍സിയുടെ അക്രഡിറ്റേഷന്‍ ഉള്ള ഏജന്‍സി വഴിയാണ് പാരിസ്ഥിതിക ക്ലിയറന്‍സിന് അപേക്ഷിക്കേണ്ടത്.
ഏഴ് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയാണ് ഏജന്‍സി സര്‍വീസ് ചാര്‍ജായി അപേക്ഷകരില്‍ നിന്ന് ഈടാക്കുന്നത്. അപേക്ഷകന് നേരിട്ട് അപേക്ഷിക്കാനുളള രീതി തന്നെ പരിസ്ഥിതി ആഘാത നിയന്ത്രണ അതോറിറ്റി നിഷേധിച്ചിരിക്കുകയാണെന്ന് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന നിര്‍ദേശങ്ങളും ചെക്ക് ലിസ്റ്റും വ്യക്തമാക്കുന്നു. അതോറിറ്റി നിര്‍ദേശിക്കുന്ന മുറക്ക് അപേക്ഷ തയ്യാറാക്കാന്‍ ഏജന്‍സി വഴി മാത്രമാണ് അപേക്ഷകന് സാധിക്കുക. അതേസമയം സംസ്ഥാനത്ത് നേരത്തെ നല്‍കിയ പാരിസ്ഥിതിക ക്ലിയറന്‍സിന് വന്‍ നിരക്കിലുളള കോഴ ഈടാക്കിയാണ് നല്‍കിയതെന്ന ആരോപണത്തെ തുടര്‍ന്നും സംസ്ഥാന പരിസ്ഥിതി ആഘാത നിയന്ത്രണ അതോറിറ്റി ഡയറക്ടറുടെ യോഗ്യത പൂര്‍ണമല്ലെന്ന ആരോപണത്തെ തുടര്‍ന്നും നേരത്തേയുണ്ടായിരുന്ന ഡയറക്ടറെ പഴയ കാല സര്‍വീസിലേക്ക് തന്നെ തിരിച്ചയച്ചിരുന്നു. പിന്നീട് പാരിസ്ഥിതിക അനുമതി നല്‍കുന്നതിനുളള അപേക്ഷ നല്‍കുന്ന രീതിയും പരിശോധനയും സുതാര്യമാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ നിയമ സഭാ വേളയില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും സുതാര്യമാക്കുന്ന രീതിയില്ലാതെ ക്ലിയറന്‍സ് നല്‍കുന്നതിന് ഫീസ് ഈടാക്കുന്നതിന്റെ ഘടനയാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയത്.
അതേസമയം, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും മറ്റു ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ഹരിത ട്രൈബ്യൂണലിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന പരിസ്ഥിതി ആഘാത നിയന്ത്രണ അതോറിറ്റിയുടെ ക്ലിയറന്‍സ് നിര്‍ബന്ധമാക്കി കഴിഞ്ഞ ജൂലൈ മാസത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതേ തുടര്‍ന്ന് പരിസ്ഥിതി ആഘാത നിയന്ത്രണ അതോറിറ്റിയുടെ ക്ലിയറന്‍സില്ലാത്ത മുഴുവന്‍ ക്വാറികളും അടച്ചുപൂട്ടണമെന്ന നിര്‍ദേശവും നിലവില്‍വന്നെങ്കിലും സംസ്ഥാന ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് 3600 ക്വാറികള്‍ക്ക് ഹരിത ട്രൈബ്യൂണലിന്റെ വിധിയിലുളള വ്യക്തത സംബന്ധിച്ച് ഇനി ഉത്തരവുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇനി മുതല്‍ പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കി മാത്രമെ ക്വാറികള്‍ക്കും മറ്റും ഖനനാനുമതി നല്‍കാവൂ എന്ന നിഷ്‌കര്‍ഷിക്കുന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് പാരിസ്ഥിതിക ക്ലിയറന്‍സിന് ഫീസ് ഈടാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവിലൂടെ വ്യക്തമാകുന്നത്.