കാശ്മീരിന്റെ വേദന; രാജ്യത്തിന്റെയും

Posted on: December 7, 2014 9:00 am | Last updated: December 7, 2014 at 9:00 am

ജമ്മുകാശ്മീര്‍ നിയമസഭയിലേക്ക് നടന്ന് വരുന്ന തിരഞ്ഞെടുപ്പില്‍ പിന്നിട്ട രണ്ട് ഘട്ടങ്ങളിലുമുണ്ടായ വര്‍ധിതമായ ജനപങ്കാളിത്തം ദേശവിരുദ്ധശക്തികളെ വിളറിപിടിപ്പിച്ചിരിക്കുന്നു. സംസ്ഥാനത്ത് നാലിടങ്ങളിലായി തീവ്രവാദികള്‍ വെള്ളിയാഴ്ച നടത്തിയ ആക്രമണങ്ങള്‍ നല്‍കുന്ന സൂചനയും മറ്റൊന്നല്ല. അരാജകവാദത്തിന്റെയും തീവ്രവാദത്തിന്റെയും പ്രണേതാക്കള്‍ ജനാധിപത്യത്തിനെതിരെ നടത്തുന്ന കടന്നാക്രമണമാണിത്. ഉറി, ശ്രീനഗര്‍, ഷോപിയാന്‍, ത്രാല്‍ എന്നിവിടങ്ങളില്‍ 12 മണിക്കൂറിനുള്ളില്‍ നടത്തിയ ആക്രമണങ്ങളില്‍ 11 സുരക്ഷാഭടന്മാരും രണ്ട് സിവിലിയന്മാരും കൊല്ലപ്പെട്ടപ്പോള്‍ 8 തീവ്രവാദികളും ഏറ്റുമുട്ടലില്‍ മരിച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് തീവ്രവാദി- വിഘടനശക്തികള്‍ നല്‍കിയ ആഹ്വാനത്തെ തള്ളിക്കളഞ്ഞ സംസ്ഥാന ജനത ആവേശപൂര്‍വമാണ് സമ്മതിദാനാവകാശം നിറവേറ്റാന്‍ പോളിംഗ് ബൂത്തുകളിലെത്തിയത്. കഴിഞ്ഞ രണ്ട് ഘട്ട വോട്ടെടുപ്പും തികച്ചും സമാധാനപരമായിരുന്നു. ജനങ്ങള്‍ തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്നില്ലെന്ന് വ്യക്തമായപ്പോഴാണ് തീവ്രവാദികള്‍ ഇരുട്ടിന്റെ മറവില്‍ ആയുധങ്ങളുമായി ജനങ്ങള്‍ക്കെതിരെ ഇറങ്ങിത്തിരിച്ചത്. അതിര്‍ത്തിക്ക് അപ്പുറത്ത് നിന്ന് ഇവര്‍ക്ക് ലഭിക്കുന്ന പിന്തുണയും ഏല്‍ക്കാതെ വന്നിരിക്കുകയാണ്. ഈ നിരാശയില്‍, സംസ്ഥാനത്തെ സമാധാനവും സാധാരണനിലയും തകര്‍ക്കാന്‍ തീവ്രവാദികള്‍ ഏതറ്റംവരേയും പോകുമെന്ന് തെളിയിക്കുകയാണ് ഈ ആക്രമണ പരമ്പരയെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലാണെങ്കിലും പാക്കിസ്ഥാനിലാണെങ്കിലും തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ കെട്ടഴിച്ച് വിടുന്നതും ഇന്ത്യാവിരുദ്ധ പ്രചാരവേലകള്‍ ഉച്ഛസ്ഥായിയിലാക്കുന്നതും പുതിയ കാര്യമല്ല. ഇതിന് പിന്നില്‍ പാക്ക് രാഷ്ട്രീയ നേതൃത്വത്തിനും പട്ടാളത്തിനും വലിയ പങ്കുണ്ട്. അത് ഇന്നും തുടരുന്നു.
തീവ്രവാദത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും എന്നും വളക്കൂറുള്ള മണ്ണാണ് പാക്കിസ്ഥാന്‍. തീവ്രവാദികളെ പരിശീലിപ്പിക്കുന്ന ക്യാമ്പുകള്‍ പാക്ക് അധീനകാശ്മീരിലുണ്ടെന്ന് ലോകം ഇന്ന് അംഗീകരിച്ച വസ്തുതയാണ്. പതിറ്റാണ്ടുകളായി ഇന്ത്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴെല്ലാം അതിന് ചെവികൊടുക്കാതിരുന്ന അമേരിക്ക അടക്കമുള്ള വന്‍ ശക്തികള്‍, വേള്‍ഡ് ട്രേഡ് സെന്ററും അമേരിക്കന്‍ യുദ്ധമന്ത്രാലയമായ പെന്റഗണും ആക്രമിച്ചപ്പോഴാണ് കണ്ണ് തുറന്നത്. ലോകത്തിന്റെ വിവിധ കോണുകളിലേക്ക്, പരിശീലനം നല്‍കിയ ഭീകരപ്രസ്ഥാനങ്ങളെ കയറ്റി അയക്കുന്നത് പാക്കിസ്ഥാനാണെന്നും ഇവര്‍ക്ക് സമ്മതിക്കേണ്ടിവന്നു. സമാധാനത്തിന്റെയും അക്രമരാഹിത്യത്തിന്റെയും അഹിംസയുടെയും അപ്പോസ്തലനായ മഹാത്മാ ഗാന്ധിയുടെ പാതയില്‍ ഉറച്ചു നില്‍ക്കുന്ന ഇന്ത്യക്ക് തീവ്രവാദത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വലിയ വിലകൊടുക്കേണ്ടിവന്നിട്ടുണ്ട്. അന്നെല്ലാം ഗാന്ധിജിയെ തള്ളിപ്പറഞ്ഞവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരായി മാറിയിരിക്കുന്നുവെന്നത് കാലത്തിന്റെ കളിയാണ്. അതിനിടയില്‍ ഇന്ത്യയില്‍ ഭീകരവാദത്തിന്റെ വിത്തുമുളപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ട് എന്ന വസ്തുത നാം വിസ്മരിച്ചുകൂടാ. അതിനെതിരെ നാം ഇന്ത്യക്കാര്‍ നിതാന്തജാഗ്രത പുലര്‍ത്തുകയും വേണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ശ്രീനഗറിലും അനന്തനാഗിലും തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനിരിക്കെയാണ് വെള്ളിയാഴ്ച പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ നാല് തീവ്രവാദി ആക്രമണങ്ങല്‍ നടന്നത്. സുരക്ഷാ സേന അവരെ തുരത്തുകയും ചെയ്തു. സൈനിക ക്യാമ്പ് ആക്രമിച്ചവര്‍ സൈനികവേഷം ധരിച്ച വിദേശികളായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രക്ഷാ സേനയുടെ വെടിയുണ്ടക്കിരയായ ഒരാള്‍ പാക്കിസ്ഥാന്‍ പൗരനായ, ലഷ്‌കറെ ത്വയ്യിബയുടെ കമാന്‍ഡര്‍ എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന ഖ്വരി ഇസ്‌റാര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇനി എല്ലാം ശാന്തമായെന്ന് വിശ്വസിക്കാന്‍ മുന്‍കാല അനുഭവങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല. ഇന്ത്യന്‍ മതനിരപേക്ഷതയുടെ മുഖമുദ്രയായിരുന്ന ബാബറി മസ്ജിദ് യാതൊരു പ്രകോപനവുമില്ലാതെ തകര്‍ത്തെറിഞ്ഞതിന്റെ ഇരുപത്തി രണ്ടാം വാര്‍ഷിക വേളയിലാണ് ജമ്മുകാശ്മീരിലെ തീവ്രവാദി ആക്രമണമെന്നത് ശ്രദ്ധേയമാണ്. ജനതയെ തമ്മിലടിപ്പിക്കാന്‍ ഇനിയും അവസരം പാര്‍ത്തിരിക്കുന്നവര്‍ മുതലെടുപ്പ് നടത്തുന്നത് തടയാന്‍ നമുക്കാവണം. ഈ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളവര്‍ ചില്ലറക്കാരല്ല. രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സുവ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും നാളിതുവരെ അവരില്‍ ഒരാള്‍പോലും നിയമത്തിന് വിധേയമാക്കപ്പെട്ടില്ലെന്നത് ആരേയും വേദനിപ്പിക്കുന്നതാണ്; നാം ഊറ്റം കൊള്ളുന്ന മതനിരപേക്ഷതക്ക് കളങ്കമാണ്.
ജമ്മുകാശ്മീരിലെ തീവ്രവാദി ആക്രമണത്തിന്റെ വെളിച്ചത്തില്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച ധീരജവാന്മാര്‍ക്ക് മുന്നില്‍ 125 കോടി ഇന്ത്യക്കാരും ശിരസ്സ് നമിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇവരെ നാം ഒരിക്കലും വിസ്മരിക്കില്ലെന്നും പ്രസ്താവിച്ചു.