Connect with us

Kerala

മുണ്ടൂര്‍ ഏരിയാ കമ്മിറ്റി വി എസ് പക്ഷം പിടിച്ചെടുത്തു

Published

|

Last Updated

പാലക്കാട്: സി പി എം മുണ്ടൂര്‍ ഏരിയാ കമ്മിറ്റി പിടിച്ചടക്കി വിഎസ് പക്ഷത്തിന്റെ ഗംഭീര തിരിച്ചുവരവ്.
കഴിഞ്ഞ സമ്മേളന കാലത്ത് വിഭാഗീയതയെ തുടര്‍ന്ന് ഏരിയാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട ഗോകുല്‍ദാസ് ഏരിയാ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടതോടെ കമ്മിറ്റി പൂര്‍ണ്ണമായും വി എസ് പക്ഷത്തിന്റെ കൈയിലായി.
രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങളെ വെട്ടിനിരത്തിയാണ് വി എസ് പക്ഷം കമ്മിറ്റി പിടിച്ചടക്കിയത്. ഇതോടെ വിഭാഗീയത വീണ്ടും സജീവമായി. 17 അംഗ കമ്മിറ്റിയില്‍ 15 പേരും വി എസ് പക്ഷക്കാരായതോടെയാണ് സി പി എം മുണ്ടൂര്‍ എരിയാ കമ്മറ്റി വീണ്ടും ഔദ്യോഗിക പക്ഷത്തിന് തലവേദനയായത്. കഴിഞ്ഞ സമ്മേളനത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ സെക്രട്ടറി സ്ഥാനം തെറിച്ച പി എ ഗോകുല്‍ദാസ് ഇത്തവണ കണക്കുകൂട്ടി കളിച്ചതോടെയാണ് ഒദ്യോഗിക വിഭാഗം നിലംപരിശായത്.
നിലവിലെ കമ്മിറ്റിയില്‍ രണ്ട് പേരെ ഒഴിവാക്കി 17 അംഗ പാനലാണ് നേതൃത്വം അവതരിപ്പിച്ചത്. ഇതിനെതിരെ വി എസ് പക്ഷത്തെ രണ്ട് പേരും, വി എസ് പക്ഷത്തെ വെട്ടിനിരത്താന്‍ ഔദ്യോഗിക പക്ഷം ആറ് പേരെയും മത്സരിപ്പിച്ചു. വോട്ടെണ്ണി തീര്‍ന്നതോടെ ടി അച്യുതന്‍, വികെ ജയപ്രകാശ് എന്നീ ജില്ലാ നേതാക്കളെ വെട്ടിനിരത്തി വി എസ് പക്ഷം കമ്മറ്റി പൂര്‍ണമായും കൈപ്പിടിയിലൊതുക്കി. വി എസ് വിഭാഗത്തെ പരാജയപ്പെടുത്താന്‍ ഔദ്യോഗിക വിഭാഗം നിര്‍ത്തിയ ആറ് പേരും തോറ്റു. ഇതോടെ കഴിഞ്ഞ സമ്മേളനത്തില്‍ വിഭാഗീയത നടത്തിയെന്ന പേരില്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട ഗോകുല്‍ദാസിന് മധുരപ്രതികാരം കൂടിയായി സമ്മേളനം.
എന്നാല്‍ ജില്ലാ നേതാക്കളെയടക്കം പരാജയപ്പെടുത്തിയ വി എസ് വിഭാഗത്തിന്റെ നടപടിക്കെതിരെ മറു വിഭാഗം പരാതി നല്‍കാനൊരുങ്ങുകയാണ്. മുണ്ടൂരിന് പുറമെ ശ്രീകൃഷ്ണപുരത്തും ഒറ്റപ്പാലത്തും വിഭാഗീയത പൊട്ടിത്തെറിയിലേക്ക് നീങ്ങിയിട്ടുണ്ട്. ശ്രീകൃഷ്ണപുരം ഏരിയാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിന്റെ പേരില്‍ കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സി കെ രവീന്ദ്രന്‍സ്ഥാനം രാജിവെച്ചിരുന്നു. ഒറ്റപ്പാലം ഏരിയാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ സി ശ്രീകുമാരന്‍, കോട്ടയില്‍മണി എന്നിവര്‍ സംസ്ഥാന കമ്മറ്റിക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ്.

---- facebook comment plugin here -----

Latest