സുപ്രീം കോടതി ജഡ്ജിമാരുടെ പ്രായ പരിധി ഉയര്‍ത്തില്ല: കേന്ദ്രം

Posted on: December 6, 2014 4:32 am | Last updated: December 5, 2014 at 11:32 pm

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരുടെ പ്രായ പരിധി ഉയര്‍ത്താനുള്ള തീരുമാനം നടപ്പാക്കുകയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ജഡ്ജിമാരുടെ പ്രായപരിധി 65ല്‍ നിന്ന് 68ലേക്ക് ഉയര്‍ത്താനുള്ള നിര്‍ദേശം തള്ളിയെന്നാണ് കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ രാജ്യസഭയില്‍ വ്യക്തമാക്കിയത്.
അതേസമയം ഹൈക്കോടതി ജഡ്ജിമാരുടെ പ്രായപരിധി നിര്‍ണയിക്കുന്നതില്‍ മാര്‍ഗ നിര്‍ദേശം നല്‍കുകയും ചെയതു. 2010 ആഗസ്റ്റില്‍ നിയമ ഭേദഗതി ബില്ലില്‍ സുപ്രീം കോടതി ജഡ്ജിമാരുടെ പ്രായ പരിധി ഉയര്‍ത്തുന്നത് ഉള്‍പ്പെടുത്തിയിരുന്നെന്നും അത് അന്നത്തെ പാര്‍ലിമെന്ററി കമ്മിറ്റിക്ക് കൈമാറിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കാര്യക്ഷമതയില്ലാതിരുന്ന പതിനഞ്ചാം ലോക്‌സഭയില്‍ പരാജയപ്പെട്ട ഈ ബില്‍ ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ 24 ഹൈക്കോടതികളിലായി 984 ഒഴിവുകളില്‍ 629 എണ്ണം മാത്രമാണ് നികത്തിയിട്ടുള്ളത്. 355 ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. ഉന്നത നീതിന്യായ വകുപ്പുകളില്‍ ഏതെങ്കിലും പ്രത്യേഗ വര്‍ഗങ്ങള്‍ക്കോ ജാതികള്‍ക്കോ സംവരണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ജഡ്ജി നിയമനവിജ്ഞാപനങ്ങള്‍ ഇറക്കുന്ന വേളകളില്‍ അംഗീകൃത ജാതി, ഗോത്രം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്നിവയില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സര്‍ക്കാര്‍ അപേക്ഷിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.