Connect with us

Thrissur

ദേശീയ അദാലത്ത് നാളെ: ജില്ലയില്‍ 14,161 കേസുകള്‍ പരിഗണിക്കും

Published

|

Last Updated

തൃശൂര്‍: ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ അദാലത്തിന്റെ ഭാഗമായി ജില്ലയില്‍ നാളെ നടക്കുന്ന അദാലത്തില്‍ ആകെ 14,161 കേസുകള്‍ പരിഗണിക്കുമെന്ന് ജില്ലാ ജഡ്ജി ബി. സുധീന്ദ്രകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9.30 ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജിയായിരിക്കും പരിപാടി ഉദ്ഘാടനം ചെയ്യുക.
തൃശൂര്‍ താലൂക്കില്‍ മാത്രം ആകെ 8,000 കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍, കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, ജില്ലാ പ്ലാനിംഗ് ഹാള്‍ എന്നിവിടങ്ങളിലാണ് അദാലത്തിനായി വേദിയൊരുക്കിയിട്ടുള്ളത്. ജില്ലാ ആസ്ഥാനത്ത് നടക്കുന്ന അദാലത്തിനു പുറമെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാവക്കാട്, വടക്കാഞ്ചേരി, ചാലക്കുടി , കുന്നംകുളം എന്നിവിടങ്ങളിലും കേസുകള്‍ തീര്‍പ്പാക്കു ന്നതിന് അദാലത്ത് നടക്കും.
കേരള പോലീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത 3345 ഉം സഹകരണ സംഘം ആര്‍ബിട്രേഷനുമായി ബന്ധപ്പെട്ട 2845 ഉം കേസുകള്‍ അദാലത്തില്‍ പരിഗണി ക്കും.
2356 ബേങ്ക് കേസുകളും 1492 മോട്ടോര്‍ വാഹന അപകട കേസുകളും 648 ക്രിമിനല്‍ കേസുകളും 659 സിവില്‍ കേസുകളും 168 ചെക്ക് കേസുകളും തീര്‍പ്പു തേടി അദാലത്തില്‍ എത്തുന്നുണ്ട്. അദാലത്തിന്റെ നടത്തിപ്പിനായി വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ജഡ്ജി പറഞ്ഞു.
ആകെ 75 ബൂത്തുകളാണ് ഇതിനായി ക്രമീകരിക്കുക. 12 ജൂഡീഷ്യല്‍ ഓഫീസര്‍മാരും നാല് വിരമിച്ച ജഡ്ജിമാരും അടങ്ങുന്ന ബഞ്ചായിരിക്കും കേസുകള്‍ കേള്‍ക്കുക ഇതു കൂടതെ 68 അഭിഭാഷകരും പാരാലീഗല്‍ വളണ്ടിയര്‍മാരും കോടതി ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കും. ചുരുങ്ങിയ ചെലവില്‍ സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പോടെ വേഗം കേസുകള്‍ തീര്‍പ്പാക്കുക എന്നതാണ് രാജ്യമൊട്ടാകെ ഇത്തരത്തില്‍ അദാലത്ത് നടത്തുന്നതിന്റെ ലക്ഷ്യം.
ഫസ്റ്റ് അഡീഷനല്‍ ജില്ലാ ജഡ്ജി പി നന്ദന കൃഷണന്‍, എം എ. സി ടി ജഡ്ജി ചെറിയാന്‍ കെ. കുര്യാക്കോസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ ആര്‍ ടി പ്രകാശ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി പി. ചുമ്മാര്‍, സെക്രട്ടറി വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest