കഞ്ചാവ് ലഹരിയില്‍ ജയില്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമം

Posted on: December 5, 2014 2:00 pm | Last updated: December 5, 2014 at 2:00 pm

മാനന്തവാടി : മാനന്തവാടി ജില്ലാജയില്‍ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ ചോദ്യം ചെയ്ത ജയില്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. വ്യാഴാഴ്ച്ച നാല് മണിയോടെ ജയില്‍പരിസരത്തെത്തിയ മാനന്തവാടി അമ്പുകുത്തി കുളംങ്ങര വീട്ടില്‍ സഫീര്‍(23)ആണ് ജയില്‍ജീവനക്കാരോട് തട്ടിക്കയറിയത്. നിരവധി തവണ കഞ്ചാവ് കേസില്‍ റിമാന്‍ഡ് ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ഇയാള്‍ തടവ് പുള്ളികള്‍ക്ക് ജയില്‍മതിലിന് പുറത്ത്‌നിന്ന് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും എറിഞ്ഞ് കൊടുക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇതേതുടര്‍ന്നാണ് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എ.കെ.ഹനീഫ, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ എം.രാജേഷ്, പി.വി.ജിനേഷ്, ബിജോഷ് ബാലന്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളെ ചോദ്യം ചെയ്തത്. ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ഇവര്‍ ബലമായി കീഴടക്കി മാനന്തവാടി പോലീസിന് കൈമാറി. ജില്ലാജയില്‍ പരിസരം കുറ്റിക്കാടുകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ സാമൂഹ്യവിരുദ്ധര്‍ ഇവിടം താവളമാക്കിയിരിക്കുകയാണ്. കഞ്ചാവ് ലഹരിയില്‍ നഗ്നനൃത്തം ചെയ്യുന്നവരെപോലും ഇവിടെ കാണാന്‍ കഴിയുന്നതായും നാട്ടുകാര്‍ പറയുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ദ്ധിക്കുന്നതായി ജയില്‍ സൂപ്രണ്ടിന് നാട്ടുകാര്‍ പരാതി നല്‍കിയിട്ട് നാളുകളേറെയായി.