യാത്രാനിരക്ക് വര്‍ധന ഭാരമായെന്ന്

Posted on: December 4, 2014 5:37 pm | Last updated: December 4, 2014 at 5:37 pm

RTA DUBAI BUS DINO MAGKASI2ദുബൈ: പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രാനിരക്ക് വര്‍ധന സാധാരണക്കാര്‍ക്ക് ഭാരമായി. ചുരുങ്ങിയ നിരക്ക് മൂന്ന് ദിര്‍ഹമായി വര്‍ധിപ്പിച്ചതിനു പുറമെ, നോള്‍കാര്‍ഡില്‍ 7.50 ദിര്‍ഹം ബാലന്‍സില്ലെങ്കില്‍ ബസിലോ മെട്രോയിലോ കയറാന്‍ കഴിയാത്ത അവസ്ഥയുമാണ്. മിക്ക ബസുകളിലെയും പഞ്ചിംഗ് മെഷീന്‍ പ്രവര്‍ത്തിക്കാത്തത് മറ്റൊരു തിരിച്ചടിയാണ്. ഇറങ്ങാന്‍ നേരത്താണ് പഞ്ചിംഗ് മെഷീന്‍ പ്രവര്‍ത്തിക്കാത്തതെങ്കില്‍ 7.50 ദിര്‍ഹം നഷ്ടപ്പെടുകയും ചെയ്യും.
കഴിഞ്ഞ മാസം വരെ, 1.80 ദിര്‍ഹമായിരുന്നു പൊതുഗതാഗത സംവിധാനങ്ങളിലെ കുറഞ്ഞ നിരക്ക്. സാമാന്യം ദീര്‍ഘ ദൂരം യാത്ര ചെയ്താല്‍ 2.60 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്. ഇപ്പോള്‍, അത്തരം സ്ഥലങ്ങളിലേക്ക് പോയിവരാന്‍ പത്തു ദിര്‍ഹമോളം വേണ്ടിവരുന്നു.
മെട്രോയില്‍ സില്‍വര്‍, ഗോള്‍ഡ് എന്നിങ്ങനെ വ്യത്യസ്ത കാര്‍ഡുകളുണ്ട്. സില്‍വര്‍ കാര്‍ഡില്‍ കുറഞ്ഞത് 7.50 ദിര്‍ഹം ഉണ്ടെന്ന് യാത്രക്കാര്‍ ഉറപ്പുവരുത്തണമെന്ന് ആര്‍ ടി എ ഓട്ടോമാറ്റഡ് ഫെയര്‍ കളക്ഷന്‍ ഡയറക്ടര്‍ ഖാലിദ് അല്‍ അവദി പറഞ്ഞു. ഒരു ദിവസം പരമാവധി 15 ദിര്‍ഹമാണ് ഈടാക്കുക, ഇതിനിടയില്‍ എത്ര യാത്രകളും നടത്താം എന്ന സൗകര്യമുണ്ട്.
ഇതിനിടെ ടാക്‌സി നിരക്കും വര്‍ധിച്ചു. തിരക്കേറിയ സമയങ്ങളിലെ കുറഞ്ഞ നിരക്ക് 12 ദിര്‍ഹമായിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ കീശ എളുപ്പം കാലിയാകുന്നതായി യാത്രക്കാര്‍ പരാതിപ്പെടുന്നു.