പ്രേമന്റെ ഭൂമിയില്‍ എസ് വൈ എസ് കൃഷി വളരും

Posted on: December 4, 2014 10:24 am | Last updated: December 4, 2014 at 10:25 am

വളാഞ്ചേരി: എസ് വൈ എസ് കുറ്റിപ്പുറം സോണ്‍ കൃഷിത്തോട്ടമൊരുക്കിയത് കന്മനം സ്വദേശി പ്രേമന്റെ ഭൂമിയില്‍. എസ് വൈ എസിന്റെ കൃഷിത്തോട്ടത്തെ കുറിച്ച് മനസ്സിലാക്കിയ പ്രേമന്‍ കൃഷിയിറക്കാന്‍ ഭൂമി വിട്ട് നല്‍കുകയായിരുന്നു. കുറുങ്കാട് അല്‍ ഫിര്‍ദൗസ് ക്യാമ്പസിനടുത്തുള്ള സ്ഥലമാണ് പ്രേമന്‍ കൃഷിക്കായി വിട്ടു നല്‍കിയത്. എസ് വൈ എസ് 60-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നാടെങ്ങും കൃഷിത്തോട്ടമിറക്കി പ്രവര്‍ത്തകര്‍ പുതിയ കാര്‍ഷിക വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പുതിയ തലമുറ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍നിന്ന് പുറം തിരിഞ്ഞ് നില്‍ക്കുമ്പോഴാണ് കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്ന സന്ദേശവുമായി എസ് വൈ എസിന്റെ കൃഷിത്തോട്ടം എന്ന പദ്ധതി ശ്രദ്ധേയമാവുന്നത്. കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് സെക്രട്ടറി എ എ റഹീം നിര്‍വഹിച്ചു. സയ്യിദ് ഹസ്സന്‍കോയ വാരണാക്കര വിത്തിറക്കല്‍ കര്‍മം നിര്‍വഹിച്ചു. കുറ്റിപ്പുറം സോണ്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി അഹ്‌സനി അധ്യക്ഷത വഹിച്ചു. അല്‍ ഫിര്‍ദൗസ് പ്രിന്‍സിപ്പല്‍ നിസാമുദ്ദീന്‍ അഹ്‌സനി, ബശീര്‍ പറവന്നൂര്‍, മുഹ്‌യുദ്ദീന്‍ സഖാഫി, കുഞ്ഞു കുണ്ടിലങ്ങാടി സംസാരിച്ചു.