Connect with us

Kerala

ബേങ്ക് ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണം

Published

|

Last Updated

കൊച്ചി: ശമ്പള പരിഷ്‌കരണമാവശ്യപ്പെട്ട് യുനൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂനിയന്‍സ് ആഹ്വാനപ്രകാരം ഇന്നലെ നടന്ന ദക്ഷിണ മേഖലാ ബേങ്ക് പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. പൊതുമേഖല-സ്വകാര്യ-വിദേശ-ഗ്രാമീണ ബേങ്കുകളിലെ ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കിയത്.
സംസ്ഥാനത്ത് 5600ല്‍പരം ബേങ്ക് ശാഖകള്‍ അടഞ്ഞുകിടന്നു. ഭരണ നിര്‍വഹണ കാര്യാലയങ്ങള്‍, വിദേശനാണ്യ വിനിമയ ഡിപ്പാര്‍ട്ടുമെന്റുകള്‍, ക്ലിയറിംഗ് ഹൗസുകള്‍ പ്രവര്‍ത്തിച്ചില്ല. 46,000 ത്തോളം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കി. വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി.
2012 ഒക്ടോബര്‍ 31ന് കാലഹരണപ്പെട്ട ശമ്പള കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കിയത്. തിങ്കളാഴ്ച മുംബൈയില്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ചുകൂട്ടിയ അനുരജ്ഞന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ഇന്നലെ പണിമുടക്ക് നടന്നത്. ബേങ്കിംഗ് മേഖലയില്‍ വര്‍ധിച്ചിട്ടുള്ള ബിസിനസും ജോലി ഭാരവും കണക്കിലെടുത്തും സമകാലിക വില സൂചികകള്‍ക്ക് അനുസൃതമായും ശമ്പള സ്‌കെയിലുകള്‍ പുനര്‍നിര്‍ണയിക്കുക, ക്ഷാമബത്ത സമ്പ്രദായം മെച്ചപ്പെടുത്തുക, റീഇമ്പേഴ്‌സ്‌മെന്റ്, പെന്‍ഷന്‍ അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ഇന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നാളെ കിഴക്കന്‍ മേഖലയിലും, അഞ്ചിന് പശ്ചിമേന്ത്യന്‍ സംസ്ഥാനങ്ങളിലും പണിമുടക്ക് നടക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിക്കുടക്ക് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Latest