പാക് സൈന്യം 24 തീവ്രവാദികളെ വധിച്ചു

Posted on: December 3, 2014 12:35 am | Last updated: December 3, 2014 at 12:35 am

pakistan2പെഷാവര്‍: വ്യോമാക്രമണത്തിലും കരയാക്രമണത്തിലുമായി 24 തീവ്രവാദികളെ വധിച്ചതായി പാക് സൈന്യം. വസീറിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്നും സൈന്യം അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാക്കിസ്ഥാനിലെ വിവിധ തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരെ പാക് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിവരികയാണ്. അതിനിടെ, ബലൂചിസ്ഥാനിലെ ഒരു ഭരണ കക്ഷി നേതാവ് തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ വീടിന് സമീപത്തായി സ്ഥാപിച്ചിരുന്ന ബോംബ് പെട്ടിത്തെറിക്കുകയായിരുന്നുവെന്നും ഇദ്ദേഹം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു. വസീറിസ്ഥാനിലാണ് ഹഖാനി തീവ്രവാദി സംഘടനകളും താലിബാന്‍ തീവ്രവാദികളും ശക്തമായി നിലനില്‍ക്കുന്നത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇവിടുത്തെ വിവിധ തീവ്രവാദി സംഘങ്ങള്‍ക്കെതിരെ പാക് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി വരികയാണ്. ഇന്നലെ രാവിലെ നടത്തിയ വ്യോമാക്രമണത്തിനിടെ വിദേശികള്‍ ഉള്‍പ്പെടെ അനേകം ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്ന് സൈന്യം അവകാശപ്പെട്ടു.