വേമ്പനാട് കായലില്‍ വാട്ടര്‍തീം പാര്‍ക്ക് വരുന്നു

Posted on: December 2, 2014 4:04 am | Last updated: December 2, 2014 at 12:06 am

vembanattukayal_43122918250ആലപ്പുഴ: ജലവിമാന പദ്ധതിക്ക് പിന്നാലെ വേമ്പനാട് കായല്‍ കേന്ദ്രമായി സംസ്ഥാന സര്‍ക്കാരിന്റെ വാട്ടര്‍തീം പാര്‍ക്ക് വരുന്നു. കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്റെ പുതിയ പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്ന മേഖല വിനോദസഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന തണ്ണീര്‍മുക്കം ബണ്ടിന് സമീപമാണ്. വേമ്പനാട് കായലില്‍ കോട്ടയം, ആലപ്പുഴ ജില്ലകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലം കൂടിയാണ് തണ്ണീര്‍മുക്കം ബണ്ട്. കായല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് ഇന്‍ലാന്റ് നാവിഗേഷന്‍ രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ പൂര്‍ണ പിന്തുണ പദ്ധതിക്കുണ്ട്. എന്നാല്‍, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളില്‍ നിന്നുള്ള എതിര്‍പ്പ് ജലവിമാനത്തിനെന്ന പോലെ വാട്ടര്‍തീം പാര്‍ക്കിനുമുണ്ടാകും.

വേമ്പനാട് കായലിന്റെ ജൈവവൈവിധ്യം തകര്‍ക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. അതേസമയം, നിയമവിധേയമല്ലാത്ത മത്സ്യബന്ധനം, അനധികൃത കക്ക ഖനനം, മണല്‍ഖനനം തുടങ്ങിയ ഈ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. നിയമവിരുദ്ധ മത്സ്യബന്ധനവും കക്ക, മണല്‍ ഖനനവുമൊക്കെ വേമ്പനാട് കായലിലെ മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവാണ് വരുത്തിയിട്ടുള്ളത്. ഇത് തടയുന്നതിനാവശ്യമായ സംവിധാനം ഇല്ലെന്നതിനാല്‍ ഇത്തരക്കാര്‍ക്ക് തടസ്സങ്ങളൊന്നുമില്ലാതെ നടത്താന്‍ കഴിയുന്നു. വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിക്കുന്നതോടെ വാട്ടര്‍ സ്‌കൂട്ടര്‍, ബനാനാ ബോട്ട് റൈഡ്, പാരാസൈലിംഗ്, വാട്ടര്‍ സ്‌കീയിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളിലേര്‍പ്പെടാന്‍ പ്രദേശവാസികളായ യുവാക്കളെയും വിനോദസഞ്ചാരികളെയും ഏറെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ഇന്‍ലാന്റ് നാവിഗേഷന്‍ അധികൃതര്‍ കണക്ക് കൂട്ടുന്നു. ഇതിനും പുറമെ പെഡല്‍ ബോട്ട്, സ്പീഡ് ബോട്ട് സഞ്ചാരത്തിനും ഇവിടെ സൗകര്യമൊരുക്കും.
തണ്ണീര്‍മുക്കം ബണ്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് 200 രൂപ മുടക്കിയാല്‍ വാട്ടര്‍തീം പാര്‍ക്കിലെ മുഴുവന്‍ വിനോദോപകരണങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്. പദ്ധതിക്കായി രണ്ട് കോടി രൂപയാണ് ഇന്‍ലാന്റ് നാവിഗേഷന്‍ ചെലവഴിക്കുക.ഇതിലേക്കാവശ്യമായ വാട്ടര്‍സ്‌കൂട്ടര്‍, പെഡല്‍ ബോട്ട്, സ്പീഡ് ബോട്ട് എന്നിവ ഇതിനകം തന്നെ കോര്‍പറേഷന്‍ വാങ്ങിക്കഴിഞ്ഞു. 40 ലക്ഷം രൂപയുടെ സാഹസിക വിനോദസഞ്ചാര ഉപകരണങ്ങളാണ് ഇതിനകം കോര്‍പറേഷന്‍ വാങ്ങിയിട്ടുള്ളത്. മത്സ്യബന്ധന നിരോധിത മേഖലയായ തണ്ണീര്‍മുക്കം ബണ്ടിന് സമീപം നടപ്പാക്കുന്ന വാട്ടര്‍തീം പാര്‍ക്കിനെതിരെ മത്സ്യത്തൊഴിലാളികളില്‍ നിന്ന് കാര്യമായ എതിര്‍പ്പുണ്ടാകില്ലെന്നാണ് ഇന്‍ലാന്റ് നാവിഗേഷന്‍ അധികൃതരുടെ വിലയിരുത്തല്‍. യാതൊരുവിധ കായല്‍ മലിനീകരണവും പദ്ധതി നടപ്പാക്കുന്നത് മുഖേനയുണ്ടാകില്ല. ഹൗസ്‌ബോട്ടുകള്‍ വന്‍തോതില്‍ മാലിന്യ നിക്ഷേപം നടത്തുമ്പോള്‍ വാട്ടര്‍തീം പാര്‍ക്ക് ഒരു നിലക്കുള്ള മാലിന്യങ്ങളും സൃഷ്ടിക്കുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.
ദിനംപ്രതി ആയിരം വിനോദസഞ്ചാരികള്‍ തണ്ണീര്‍മുക്കം ബണ്ട് വഴി കടന്നപോകുകയും ഇവിടുത്തെ കായല്‍ഭംഗി ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.വാട്ടര്‍തീം പാര്‍ക്ക് യാഥാര്‍ഥ്യമായാല്‍ ഇവരില്‍ നല്ലൊരു വിഭാഗമാളുകളെയും ഇതിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്. അതെസമയം, വട്ടക്കായല്‍ കേന്ദ്രമായി ആരംഭിക്കാനിരുന്നതും മത്സ്യത്തൊഴിലാളികളുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് തത്കാലം ഉപേക്ഷിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ജലവിമാന പദ്ധതി തണ്ണീര്‍മുക്കത്തേക്ക് മാറ്റാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.
ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പലതവണ വ്യക്തമാക്കിയ സാഹചര്യത്തില്‍ തണ്ണീര്‍മുക്കത്തെ വാട്ടര്‍ തീംപാര്‍ക്ക് വിജയിച്ചാല്‍ ഇവിടെ തന്നെ ജലവിമാന പദ്ധതിയും തുടങ്ങിയേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് മൂന്ന് പതിറ്റാണ്ടിലേറെയായി ഉപേക്ഷിക്കപ്പെട്ട ബണ്ടിന്റെ മൂന്നാം ഘട്ട നിര്‍മാണ പദ്ധതി അടിയന്തരമായി ആരംഭിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.