വര്‍ണ ശബളിതം ദേശീയദിനാഘോഷം

Posted on: December 1, 2014 8:07 pm | Last updated: December 1, 2014 at 8:07 pm

ADC_6271ദുബൈ: വര്‍ണ ശബളിതമായി രാജ്യമെങ്ങും യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ പൊലിമ. ഇത്തവണ വളരെ ബൃഹത്തായ ആഘോഷ പരിപാടികളാണ് രാജ്യത്തുടനീളം നടക്കുന്നത്. യു എ ഇ ദേശീയദിനം ആര്‍ ടി എ രണ്ടു ദിവസങ്ങളിലായി ആഘോഷിച്ചുവെന്ന് ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു. അറബ് ലോകത്തെ മാതൃകാരാജ്യമായി മാറിയ യു എ ഇയെക്കുറിച്ചുള്ള ഉന്നതമായ അഭിമാന ബോധത്തോടെയാണ് ആഘോഷം നടത്തിയത്.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവരുടെ നേതൃത്വത്തിന് നന്ദി പറയണം. ഇവരുടെ കീഴില്‍ യു എ ഇ വികസനത്തിന്റെ ഉത്തുംഗ പാതയിലാണ്.
ആര്‍ ടി എ ജീവനക്കാരുടെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം മുതല്‍ തദ്ദേശീയ നാടോടി കലാരൂപങ്ങളുടെ അവതരണം വരെ ഉണ്ടായിരുന്നൂവെന്നും മത്തര്‍ അല്‍ തായര്‍ അറിയിച്ചു.
അബുദാബി: തലസ്ഥാന നഗരിയിലെ സാബ് റസിഡന്‍ഷ്യല്‍ സിറ്റിയില്‍ യു എ ഇ 43-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 23 സ്വദേശികളുടെ സമൂഹവിവാഹം നടത്തി. യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രസിഡന്‍ഷ്യല്‍കാര്യ സഹമന്ത്രി അഹ്മദ് ജൂമാ അല്‍ സാബിയും പങ്കെടുത്തു.
ദുബൈ: യു എ ഇയുടെ 43-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി സംഘടിപ്പിച്ച ത്രൈമാസ ആഘോഷ പരിപാടികള്‍ ഡിസംബര്‍ നാലിന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യു എ ഇ ആരോഗ്യ മന്ത്രി അബ്ദുര്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസി ഉദ്ഘാടനം ചെയ്യും.
അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ നിന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍കുമാര്‍, ക്വാളിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ ഇബ്‌റാഹീം കൊവ്വല്‍, വെന്നിയില്‍ മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, ടെലിക്കോണ്‍ ഗ്രൂപ്പ് എം ഡി കബീര്‍, ഫ്‌ളോറല്‍ ഫ്രൂട്ട്‌സ് എം ഡി. സി വി മുജീബ് റഹ്മാന്‍ എന്നിവരെ ആദരിക്കും. മാധ്യമ രംഗത്ത് സേവനനുഷ്ഠിക്കുന്ന എം സി എ നാസര്‍ (മീഡിയ വണ്‍)- വിഷ്വല്‍, എന്‍ എ എം ജഅ്ഫര്‍ (മിഡില്‍ ഈസ്റ്റ് ചന്ദ്രിക)- അച്ചടി, നിഷ് മേലാറ്റൂര്‍ (ദര്‍ശന ടി വി), റോയ് റാഫേല്‍ (ഗോള്‍ഡ് എഫ് എം)- റേഡിയോ എന്നിവര്‍ക്കും മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനായ കോയ മാസ്റ്റര്‍ക്കും (എന്‍ ഐ മോഡല്‍ സ്‌കൂള്‍) പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പി കെ അന്‍വര്‍ നഹ, ഇബ്‌റാഹീം മുറിച്ചാണ്ടി, റഈസ് പി വി, മുഹമ്മദ് വെട്ടുകാട്, ഒ കെ ഇബ്‌റാഹീം, മുസ്തഫ തിരൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ് കല്‍മാട്ട സംബന്ധിച്ചു.