സംസ്ഥാന സ്‌കൂള്‍ കലോത്സവം: തര്‍ക്കം തീര്‍ന്നു; ഇനി ഒരുക്കങ്ങളിലേക്ക്

Posted on: November 30, 2014 12:11 pm | Last updated: November 30, 2014 at 12:11 pm

school-youth-festivalകോഴിക്കോട്: പ്രധാന വേദി തമ്മിലുള്ള അനിശ്ചിതത്വങ്ങള്‍ മാറിയതോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവം വിജയിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് ജില്ലാ ഭരണകൂടം തുടക്കം കുറിച്ചു. രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങളും തര്‍ക്കങ്ങളും മാറ്റിവെച്ച് മേള വന്‍വിജയമാക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് മേയര്‍ എ കെ പ്രേമജം പറഞ്ഞു.
ഇന്നലെ ബി ഇ എം സ്‌കൂളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ കൂടി തിരഞ്ഞെടുത്തതോടെ ഇന്ന് മുതല്‍ ഒരുക്കങ്ങള്‍ ആരംഭിക്കും. മേളക്കിടെ ദിവസേനയുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ മേയറുടെ നേതൃത്വത്തില്‍ ക്രൈസിസ് മാനേജ്‌മെന്റ് സെല്ലും രൂപവത്ക്കരിച്ചിട്ടുണ്ട്.
എതിര്‍പ്പുകളെ തുടര്‍ന്ന് മാനാഞ്ചിറ മൈതാനം ഒഴിവാക്കിയപ്പോള്‍ സ്വപ്‌ന നഗരിയായിരുന്നു പ്രധാന വേദിയായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഗതാഗത പ്രശ്‌നങ്ങളും കനോലി കനാല്‍ തുറന്നുകിടക്കുന്നതുകൊണ്ടുള്ള സുരക്ഷാകാരണങ്ങളും ചൂണ്ടിക്കാട്ടി ഇത് ഒഴിവാക്കാന്‍ ഇന്നലെത്തെ യോഗത്തില്‍ തീരുമനിക്കുകയായിരുന്നു. മുഖ്യവേദിയായി തിരഞ്ഞെടുത്ത മലബാര്‍ ക്രിസ്ത്യന്‍ കോളജ് സ്‌കൂള്‍ മൈതാനം ദേശീയ ഗെയിംസ് പരിശീലനത്തിനായി നേരത്തെ തീരുമാനിച്ചിരുന്നു. ടര്‍ഫിംഗ് പ്രവൃത്തികള്‍ ആരംഭിക്കാനിരിക്കെ സ്‌കൂള്‍ ഗ്രൗണ്ട് അപ്രതീക്ഷിതമായി മുഖ്യവേദിയാക്കിയതില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എതിര്‍പ്പും പ്രകടപ്പിച്ചു.
കലോത്സവത്തിനായി ദേശീയ ഗെയിംസ് പരിശീലന വേദി മാറ്റേണ്ടിവരുന്നത് ഖേദകരമാണെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റെ് കെ ജെ മത്തായി പറഞ്ഞു. എന്നാല്‍ ദേശീയ ഗെയിംസ് സി ഇ ഒ ജേക്കബ് പുന്നൂസുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെന്ന് മന്ത്രി മുനീര്‍ പറഞ്ഞു.
മറ്റൊരു വഴിയുമില്ലെങ്കില്‍ മാത്രമേ മാനാഞ്ചിറ പരിഗണിക്കാവൂ എന്നാണ് തങ്ങള്‍ പറഞ്ഞതെന്ന് എ പ്രദീപികുമാര്‍ എം എല്‍ എ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ എന്തോ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. നിര്‍ദേശിച്ച മൂന്ന് വേദികളിലൊന്നാണ് ഇപ്പോള്‍ നിശ്ചയിച്ചത്. അവിടെയുണ്ടാകാനിടയുള്ള അസൗകര്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാം. ഇനി തര്‍ക്കങ്ങളൊന്നുമില്ല. 2010ല്‍ കലോത്സവത്തിന്റെ അമ്പതാം വാര്‍ഷികം നടത്തിയതിനേക്കാന്‍ മികവുറ്റ രീതിയില്‍ ഇത്തവണത്തെ മേള വന്‍വിജയമാക്കുമെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.
ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച മാനാഞ്ചിറ സ്‌ക്വയര്‍ നശിപ്പിക്കപ്പെടുമെന്നതിനാലും ക്രമസമാധാനപ്രശ്‌നവും ചൂണ്ടിക്കാട്ടിയാണ് അത് വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞതെന്ന് മേയര്‍ പ്രഫ. എ കെ പ്രേമജം പറഞ്ഞു.