മര്‍കസ് സമ്മേളനം: സന്ദേശയാത്രകള്‍ക്ക് പ്രൗഢ സ്വീകരണം

Posted on: November 30, 2014 12:47 am | Last updated: November 29, 2014 at 11:48 pm

കൊല്ലം: ഡിസംബര്‍ 18-21 തീയതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഉത്തരമേഖലാ, ദക്ഷിണമേഖലാ സന്ദേശയാത്രകള്‍ക്ക് പ്രൗഢ സ്വീകരണം.
തിരുവനന്തപുരം ഭീമാപള്ളിയില്‍ നിന്ന് ആരംഭിച്ച ദക്ഷിണ മേഖലാ സന്ദേശയാത്രക്ക് ഇന്നലെ കൊല്ലം ജില്ലയില്‍ ഊഷ്മള സ്വീകരണങ്ങള്‍ ഒരുക്കിയിരുന്നു. ആദ്യ സ്വീകരണ കേന്ദ്രമായ പറവൂരില്‍ ദക്ഷിണമേഖലാ യാത്ര സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് യൂസുഫുല്‍ ജീലാനി ഉദ്ഘാടനം ചെയ്തു. ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, മുഹമ്മദ്കുഞ്ഞി സഖാഫി, നാസര്‍ ചെറുവാടി, ജി അബൂബക്കര്‍, അബ്ദുല്ലാ സഅദി പ്രസംഗിച്ചു. വൈകുന്നേരം കരുനാഗപ്പള്ളിയില്‍ യാത്ര സമാപിച്ചു.
ദക്ഷിണമേഖലാ യാത്ര ഇന്ന് രാവിലെ ആലപ്പുഴ ജില്ലയില്‍ 10 മണിക്ക് കായംകുളം, 12 മണിക്ക് ഹരിപ്പാട്, 2 മണിക്ക് അമ്പലപ്പുഴ വളഞ്ഞവഴി, 4 മണിക്ക് ആലപ്പുഴ ടൗണ്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 6.30ന് മാറാഞ്ചേരി ടൗണില്‍ സമാപിക്കും. നാളെ രാവിലെ 10 മണിക്ക് അടൂര്‍, 2.30ന് മുണ്ടക്കയം, 6.30ന് തൊടുപുഴയില്‍ സമാപിക്കും.
മര്‍കസ് സമ്മേളന പ്രചാരണ സന്ദേശയാത്രയുടെ ഉത്തരമേഖലാ ജാഥക്ക് രാവിലെ തളിപ്പറമ്പില്‍ നടന്ന ആദ്യ സ്വീകരണ സമ്മേളനത്തില്‍ യാത്രാ നായകന്‍ സയ്യിദ് അലി ബാഫഖി തങ്ങളെ സമസ്ത മുശാവറ അംഗം ചിത്താരി ഹംസ മുസ്‌ലിയാര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. എട്ടിക്കുളം താജുല്‍ ഉലമ ദര്‍ഗയില്‍ സിയാറത്തിന് ശേഷമാണ് കണ്ണൂര്‍ ടൗണില്‍ യാത്ര എത്തിച്ചേര്‍ന്നത്.
തളിപ്പറമ്പില്‍ സമസ്ത ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍ പ്രയാണം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ അശ്‌റഫ് സഖാഫി പള്ളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. സയ്യിദലി ബാഫഖി തങ്ങള്‍, സയ്യിദ് തുറാബ് സഖാഫി, വി പി എം വില്യാപ്പള്ളി, പട്ടുവം കെപി അബൂബക്കര്‍ മുസ്‌ലിയാര്‍, പി കെ അബൂബക്കര്‍ മൗലവി, വഹാബ് സഖാഫി മമ്പാട്, അബ്ദുസ്സലാം സഖാഫി, ഹകീം സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എട്ടികുളത്ത് താജുല്‍ ഉലമ മഖ്ബറ സിയാറത്ത് നടത്തി. പഴയങ്ങാടി, മാട്ടൂല്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തലശ്ശേരിയില്‍ സമാപിച്ചു.
സ്വീകരണ സമ്മേളനങ്ങളില്‍ വഹാബ് സഖാഫി, മുഹമ്മദലി സഖാഫി വള്ള്യാട്, മുഹമ്മദലി കിനാലൂര്‍, റശീദ് സഖാഫി മെരുവമ്പായി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സന്ദേശയാത്ര ഇന്നും നാളെയും കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തും.