യു എസിന്റെ ഇസില്‍ വിരുദ്ധ വ്യോമാക്രമണം പരാജയമെന്ന്

Posted on: November 30, 2014 5:08 am | Last updated: November 29, 2014 at 10:17 pm

ദമസ്‌കസ്: ഇസില്‍ തീവ്രവാദികളെ തകര്‍ക്കാനായി അമേരിക്ക നടത്തിയ വ്യോമാക്രമണം പരാജയമാണെന്ന് സിറിയന്‍ വിദേശ കാര്യ മന്ത്രി വാലിദ് അല്‍ മൗലേം. സെപ്തംബര്‍ മുതല്‍ യു എസ് സഖ്യം മേഖലയില്‍ 300 വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ലബനാന്‍ ടി വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസില്‍ തീവ്രവാദികളെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം വിദേശികള്‍ സിറിയയിലേക്ക് കടക്കുന്നത് തടയാന്‍ തുര്‍ക്കിയോട് ആവശ്യപ്പെടല്‍ മാത്രമാണ്. ഇറാഖിലെയും സിറിയയിലെയും ഭൂരിപക്ഷ പ്രദേശങ്ങള്‍ കൈയടക്കിയ തീവ്രവാദികളെ തകര്‍ക്കാനാണ് അമേരിക്ക വ്യോമാക്രമണം ആരംഭിച്ചത്. സിറിയയിലെ കൊബാനെയില്‍ നിന്ന് തീവ്രവാദികളെ തുരത്തിയത് അമേരിക്കന്‍ വ്യോമാക്രമണമാണെന്ന് ബി ബി സി റിപ്പോര്‍ട്ടര്‍ ജിം മുയര്‍ പറഞ്ഞു. രണ്ട് മാസമായി അമേരിക്ക വ്യോമാക്രമണം നടത്തിയിട്ടുണ്ടെങ്കിലും തീവ്രവാദികളെ ഒരുനിലക്കും ദുര്‍ബലരാക്കാന്‍ കഴിഞ്ഞിട്ടില്ല. യു എന്നും അമേരിക്കയും തുര്‍ക്കിക്ക് മേല്‍ അതിര്‍ത്തി സംരക്ഷിക്കാന്‍ സമ്മര്‍ദം ചെലുത്തണം, തുര്‍ക്കി 900 കീ മി ദൂരത്തില്‍ സിറിയയുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. എന്നാല്‍ ഇസില്‍ തീവ്രവാദികളെ തങ്ങള്‍ പിന്തുണക്കുന്നുവെന്ന വാദം തുര്‍ക്കി നിഷേധിച്ചിട്ടുണ്ട്. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പുറത്താക്കുന്നതിന് തങ്ങളുടെ ഭാഗത്തു നിന്ന് സഹായം നല്‍കിയിട്ടില്ലെന്നും തുര്‍ക്കി വ്യക്തമാക്കി.