സുരക്ഷ ഫാഷനാകരുത്, ബൗണ്‍സറുകള്‍ ഇല്ലാതാകരുത്

Posted on: November 29, 2014 12:23 am | Last updated: November 29, 2014 at 12:42 am

Phil_Hughes-helmet_3117741bക്രിക്കറ്റില്‍ ഇടക്ക് മിന്നിത്തെളിയുന്ന ഒരു നക്ഷത്രമായിരുന്നു ഹ്യൂസ്. ഇന്ത്യക്കെതിരെ മൈക്കല്‍ ക്ലാര്‍ക്കിന്റെ പകരക്കാരനായി ചിലപ്പോള്‍ ഹ്യൂസ് വന്നേക്കുമായിരുന്നു. ഓപണറായും മധ്യനിരയിലെ രക്ഷകന്റെ റോളിലും തിളങ്ങാന്‍ സാധിക്കുന്ന ഹ്യൂസ് മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭാവം നികത്താന്‍ പോന്ന താരം തന്നെയാണ്. പക്ഷേ, അയാള്‍ ഇന്നില്ല. സീന്‍ അബോട്ട് എറിഞ്ഞ ബൗണ്‍സര്‍ ദൗര്‍ഭാഗ്യവശാല്‍ ഹ്യൂസിന്റെ ജീവനെടുത്തു. ഒരിക്കലും ആരുടെയും ജീവനെടുക്കാന്‍ ഒരു ബൗളറും ആഗ്രഹിക്കില്ല. സീന്‍ അബോട്ടിനെ നോക്കൂ. ആ സംഭവം അയാളെ പിടിച്ചുലച്ചിരിക്കുന്നു. ക്രിക്കറ്റിലെ വില്ലന്‍ പരിവേഷം സ്വയം ചാര്‍ത്തി നില്‍ക്കുന്ന മാനസികാവസ്ഥ അബോട്ടിനുണ്ടാകരുതെന്ന് സഹതാരങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ക്രിക്കറ്ററിയുന്നവര്‍ക്ക് നിര്‍ബന്ധമുണ്ട്. കാരണം, ബൗണ്‍സര്‍ ക്രിക്കറ്റില്‍ പറഞ്ഞതാണ്. നിയമം അനുശാസിക്കുന്ന ബൗണ്‍സറേ ഇരുപത്തിരണ്ടുകാരന്‍ എറിഞ്ഞിട്ടുള്ളൂ. പക്ഷേ, ദൗര്‍ഭാഗ്യമെന്ന് പറയാം മരണം ഹ്യൂസിനെ തട്ടിയെടുത്തു.
ഐ സി സി വരും നാളില്‍ ബൗണ്‍സര്‍ നിരോധിക്കുമോ ഇല്ലയോ എന്നറിയില്ല. അതിന് മുമ്പ് പറയാനുള്ളത് കളിക്കാര്‍ സ്വയം സുരക്ഷയെ കുറിച്ച് ബോധവാന്‍മാരാവുക എന്നതാണ്. അതുപോലെ സുരക്ഷ ഉറപ്പ് വരുത്താത്ത ഹെല്‍മറ്റുകള്‍ ഐ സി സി നിരോധിക്കുക. മസൂറി എന്ന കമ്പനിയുടെ ഒരു ഫാഷനബിള്‍ മോഡല്‍ ഹെല്‍മറ്റാണ് ഹ്യൂസ് ധരിച്ചത്. ഇത് ട്രെന്‍ഡിയാണെന്ന് മാത്രം. സുരക്ഷ ഉറപ്പ് നല്‍കില്ല. ഹ്യൂസിന് വിനയായത് പിറകില്‍ ഗ്രില്ലില്ലാത്ത ഈ ഹെല്‍മറ്റ് ധരിച്ചതാണ്. സുരക്ഷ ഉറപ്പ് നല്‍കുന്ന, കഴുത്തിന് പിറകില്‍ മെഡുല ഒബ്ലാംഗേറ്റ വരെ കവര്‍ ചെയ്യുന്ന വിധത്തിലുള്ള ഗ്രില്ലുകളോട് കൂടിയ ഹെല്‍മറ്റാകണം ബാറ്റ്‌സ്മാന്‍മാരും ക്ലോസ് ഫീല്‍ഡര്‍മാരും കീപ്പറുമൊക്കെ ധരിക്കേണ്ടത്.
ക്രിക്കറ്റ് അതിജീവനത്തിനായി ഏറ്റവും ചെറിയ ഫോര്‍മാറ്റിലേക്ക് പോയിക്കൊണ്ടിരിക്കുന്ന വേളയാണിത്. ടെസ്റ്റ് ക്രിക്കറ്റ് അതിനിടെ പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുന്നു. വെസ്റ്റിന്‍ഡീസിന്റെ കാട്‌ലി ആംബ്രോസും കോട്‌നി വാല്‍ഷുമൊക്കെ എറിഞ്ഞ ബൗണ്‍സറുകള്‍ ഇന്നില്ല. ഒരോവറില്‍ എറിയേണ്ട ബൗണ്‍സറിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഹ്യൂസിന്റെ ദാരുണാന്ത്യത്തോടെ ഐ സി സി ബൗണ്‍സര്‍ പാടെ എടുത്തു മാറ്റിയാല്‍ അത് ക്രിക്കറ്റിനെ കൊല്ലും. കാരണം, ഇപ്പോള്‍ തന്നെ ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍മാരുടെ ഗെയിമാണ്. ബൗളര്‍മാര്‍ക്ക് യാതൊരു സാധ്യതയുമില്ലാത്ത പിച്ചുകളൊരുക്കി റണ്ണൊഴുക്ക് വര്‍ധിപ്പിക്കാനാണ് എവിടെയും ശ്രമം.
ഇതിനിടെ അനുവദിക്കപ്പെട്ട ഏക ബൗണ്‍സര്‍ പ്രയോഗമാണ് ബൗളര്‍മാര്‍ക്ക് പിടിവള്ളി. ഇന്‍ ഫോം ബാറ്റ്‌സ്മാന്‍മാരുടെ ഏകാഗ്രത തകര്‍ക്കാന്‍ ബൗണ്‍സറുകള്‍ക്ക് സാധിക്കും. മാത്രമല്ല, കളി കണ്ടിരിക്കുന്നവര്‍ക്കും ഇത്തരം ബൗണ്‍സറുകള്‍ നല്‍കുന്ന ആവേശം ചെറുതല്ല. ചില ബൗണ്‍സറുകളുടെ പേരില്‍ ബൗളറും ബാറ്റ്‌സ്മാനും ഒന്നുരസുക വരെയുണ്ടാകും. അതൊക്കെ, കളിയുടെ ആവേശം വര്‍ധിപ്പിക്കും.
ഹ്യൂസ് ഇന്നില്ല. എങ്കിലും ആ യുവാവ് കാണിച്ച അതിസാഹസികതയെ ചൂണ്ടിക്കാണിക്കാതെ വയ്യ. 2009 ആഷസ് പരമ്പരക്കിടെ തുടരെ ഷോട് പിച്ച് പന്തുകളില്‍ പുറത്തായതിന്റെ പേരില്‍ ഓസീസ് ടീമിലിടം നഷ്ടപ്പെട്ട താരമാണ് ഹ്യൂസ്. 2011 ന്യൂസിലാന്‍ഡ് പരമ്പരയില്‍ ക്രിസ്്്മാര്‍ട്ടിന്റെ കുത്തി ഉയരുന്ന പന്തുകളെ നേരിടുന്നതില്‍ തുടരെ നാല് വട്ടം ഹ്യൂസ് പരാജയമായി. ഇതില്‍ നിന്ന് മനസ്സിലാകുന്നത് ബൗണ്‍സറുകളും അതിനോട് സമാനമായ പന്തുകളും നേരിടുന്നതില്‍ ഹ്യൂസ് തികഞ്ഞ പരാജയമായിരുന്നുവെന്നാണ്. ഇത് വ്യക്തമായി അറിയുന്നതു കൊണ്ടാകണം സീന്‍ അബോട്ട് ബോഡിലൈന്‍ ബൗണ്‍സറിന് ശ്രമിച്ചത്. വിക്കറ്റാണ് ബൗളറെ സംബന്ധിച്ച് പരമപ്രധാനം.ബാറ്റ്‌സ്മാന്റെ ജീവന്‍ സുരക്ഷിതമായി നിര്‍ത്തുക എന്നതല്ല. അതിന് ഐ സി സി അനുവദിച്ച നിരവധി സുരക്ഷാകവചങ്ങള്‍ ബാറ്റ്‌സ്മാന് ഉപയോഗിക്കാം. ഹ്യൂസ് തന്റെ ബാറ്റിംഗ് ദൗര്‍ബല്യം തിരിച്ചറിഞ്ഞിട്ടും ബൗണ്‍സറുകളെയൊക്കെ നേരിടാന്‍ പോന്ന ഹെല്‍മറ്റ് ധരിച്ചില്ല. വലിയ വീഴ്ചയാണിത്.
ക്രിക്കറ്റിലെ സുരക്ഷ പരിശോധിക്കുമ്പോള്‍ ബൗളര്‍മാര്‍ക്കില്ലാത്ത വലിയ സൗജന്യം ബാറ്റ്‌സ്മാന്‍മാര്‍ അനുഭവിക്കുന്നുവെന്ന് പറയാം. കാരണം, ബാറ്റ്‌സ്മാന്‍ അതിവേഗത്തില്‍ പന്തടിച്ച് പറപ്പിക്കുന്നത് നാം എത്രയോ കണ്ടിരിക്കുന്നു. ചില വേളകളില്‍ അമ്പയര്‍ വീണു പോയിട്ടുമുണ്ട്. ഒന്നാലോചിച്ചു നോക്കു. ആ ഷോട്ട് ബൗളറുടെ മുഖത്തോ തലക്കോ കൊണ്ടാല്‍ എന്താകും സ്ഥിതി. സുരക്ഷയുടെ പേരില്‍ ബൗളര്‍ക്ക് ഹെല്‍മറ്റ് ധരിച്ച് പന്തെറിയാന്‍ സാധിക്കുമോ. ഇനി ഹെല്‍റ്റ് ധരിച്ചെറിഞ്ഞാല്‍ തന്നെ എന്താകും അവസ്ഥ ! ലൈനും ലെംഗ്തുമൊക്കെ നഷ്ടമായി, എറിയുന്ന പന്തെല്ലാം കണ്ടം കടക്കും.
ക്രിക്കറ്റ് താരങ്ങളാരും തന്നെ ബൗണ്‍സറിനെതിരെ രംഗത്തു വന്നിട്ടില്ല. ക്രിക്കറ്റിന്റെ അഗ്രസീവ്‌നെസ് ഇല്ലാതാക്കും എന്നതിനാല്‍ ഐ സി സിയും അതിന് മുതിര്‍ന്നേക്കില്ലെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
കളിക്കാര്‍ അവരുടെ സുരക്ഷയെ കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാകട്ടെ. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബാറ്റ് ചെയ്യാനിറങ്ങുന്നത് ഇവിടെ ഓര്‍മിപ്പികാതെ വയ്യ. ബാറ്റ്‌സ്മാന് അനുവദിച്ചിട്ടുള്ള എല്ലാ സുരക്ഷാകവചവും എടുത്തണിഞ്ഞാകും പുള്ളിക്കാരന്‍ ക്രീസിലെത്തുക. ആദ്യമൊക്കെ ഇതൊരു തമാശക്കാഴ്ചയായിരുന്നു. എന്തൊരു പേടിത്തൊണ്ടനാണിയാള്‍ എന്നൊക്കെ ടിവിക്ക് മുന്നിലിരുന്നത് പറഞ്ഞവരുണ്ട്.
പക്ഷേ, ഗാംഗുലിയായിരുന്നു ശരി. ഷോട് പിച്ച് പന്തുകളെ നേരിടുന്നതില്‍ ഗാംഗുലി ദുര്‍ബലനായിരുന്നു. പ്രതിഭയില്ല എന്ന് തന്നെ പറയാം. ബോഡിലൈന്‍ ലെംഗ്തില്‍ ഷോട് പിച് എറിഞ്ഞാല്‍ ഗാംഗുലി പുഷ്പം പോലെ വിക്കറ്റ് സമ്മാനിച്ച് മടങ്ങും. ആസ്‌ത്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മെഗ്രാത് പലവട്ടം ആ സൂത്രം കാണിച്ചു തന്നിട്ടുണ്ട്. മെഗ്രാത്തിനെ പോലുള്ള ബുദ്ധിമാന്‍മാരായ ബൗളറെ നേരിടാന്‍ ഗാംഗുലി ചിലപ്പോള്‍ ദേഹം കൊണ്ട് പന്ത് തടുക്കുമായിരുന്നു. അതിന് തക്കമുള്ള പാഡൊക്കെ ഉള്ളില്‍ തിരുകിയിട്ടുണ്ടാകും.
ഗാംഗുലിയുടെ ഗെയിം പ്ലാന്‍ പുതിയ തലമുറക്കാര്‍ ഓര്‍ക്കുന്നത് നന്ന്. ശരീരം മറന്നുള്ള ഗെയിമല്ല ഗാംഗുലി പയറ്റിയത്. സുരക്ഷ ഉപയോഗിച്ചുള്ള ഗെയിമായിരുന്നു. ഹ്യൂസ് മറന്നതും അതു തന്നെ.
മരണത്തിന് മുന്നില്‍ നാമെത്ര സുരക്ഷയൊരുക്കിയിട്ടും കാര്യമില്ലെന്നറിയാം….എങ്കിലും ഹ്യൂസ്….