പള്ളിയില്‍ ജുമുഅക്ക് എത്തിയവര്‍ക്ക് പോലീസ് മര്‍ദനം

Posted on: November 29, 2014 12:00 am | Last updated: November 29, 2014 at 12:00 am

policeപള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ജുമുഅത്ത് പള്ളിയില്‍ ചേളാരി ഗുണ്ടകള്‍ക്കൊപ്പം ചേര്‍ന്ന് പോലീസിന്റെ പരാക്രമം. ജുമുഅക്ക് എത്തിയവര്‍ക്കു നേരെ പ്രകോപനമില്ലാതെ പോലീസ് ലാത്തിവീശി. നാല് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ സാരമായി പരുക്കേറ്റ പള്ളിപ്പറമ്പില്‍ മരക്കാര്‍ കുട്ടി, കരുവീട്ടില്‍ ശിഹാബ് എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പള്ളിയില്‍ ജുമുഅ ഖുതുബ നടക്കുന്നതിനിടെ സംഘടിച്ചെത്തിയ ചേളാരി വിഭാഗം ഖുതുബ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഇമാമിനെ തെറിവിളിച്ചും കൂവിയും ഇവര്‍ നിരന്തരം പ്രകോപനമുണ്ടാക്കി.
ഈ സമയങ്ങളിലെല്ലാം പോലീസ് നിഷ്‌ക്രിയരായി നോക്കിനില്‍ക്കുകയായിരുന്നു. ജുമുഅ നിസ്‌കാരം കഴിഞ്ഞ ഉടനെ പള്ളിയിലുള്ളവരോട് ഇറങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടു. ജുമുഅക്ക് പങ്കെടുക്കാതെ പുറത്തുനിന്ന ചേളാരി വിഭാഗക്കാര്‍ക്ക് നിസ്‌കരിക്കാനായിരുന്നു പള്ളിയില്‍ നിന്ന് ഇറങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടത്. വിശ്വാസികള്‍ പുറത്തിറങ്ങുന്നതിനിടെ, പൊടുന്നനെ പോലീസ് പ്രകോപനമില്ലാതെ ലാത്തി വീശി. ചേളാരി വിഭാഗക്കാര്‍ കാണിച്ച് നല്‍കുന്നവരെ തിരഞ്ഞുപിടിച്ച് പോലീസ് മര്‍ദിക്കുകയുംചെയ്തു.പള്ളിയില്‍ ഇരു വിഭാഗവും ഐകകണ്‌ഠ്യേന നിയമിച്ച ഖതീബിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചേളാരിക്കാരുടെ പ്രതിഷേധം.