മദ്യവില്‍പ്പനക്കാരില്‍ നിന്ന് പിരിവ്: എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ നടപടി വൈകരുതെന്ന് വി എം സുധീരന്‍

Posted on: November 29, 2014 2:55 am | Last updated: November 28, 2014 at 11:56 pm

കോട്ടയം: ജനപക്ഷയാത്രക്ക് മദ്യവില്‍പ്പനക്കാരില്‍ നിന്ന് പിരിവെടുത്തതായി വെളിപ്പെടുത്തിയ കോട്ടയത്തെ എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ നടപടി വൈകരുതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. താന്‍ പണപ്പിരിവ് നടത്തിയെന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നയുടനെ നടപടിയുണ്ടാകേണ്ടതായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ കോണ്‍ഗ്രസെന്നല്ല ഒരു പാര്‍ട്ടിക്കു വേണ്ടിയും പിരിവെടുക്കരുത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം കോട്ടയം ഡി സി സി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനപക്ഷയാത്രയില്‍ പങ്കെടുക്കാതെ എവിടെയെങ്കിലും ഇരുന്ന് അഭിപ്രായം പറയുന്നത് ശരിയല്ല. ജനപക്ഷയാത്ര ഒരുപാടു തലത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.
ആര്‍ക്കൊക്കെയാണ് അസ്വസ്ഥത ഉണ്ടായതെന്നു യാത്ര അവസാനിക്കുമ്പോള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യവില്‍പ്പനക്കാരില്‍ നിന്നും കളങ്കിതരെന്ന് ജനം കരുതുന്നവരില്‍ നിന്നും പിരിവെടുക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണ്. സാധാരണക്കാരില്‍ നിന്നുള്ള സംഭാവനകളാണ് യാത്രക്കായി ആവശ്യപ്പെട്ടത്. കോട്ടയത്തെ വിഷയത്തില്‍ ഡി സി സി പ്രസിഡന്റ് ടോമി കല്ലാനിയുടെ പേരും വലിച്ചിഴക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. അതിന്റെ തലയേതാണെന്ന് അറിയാമെങ്കിലും ഇപ്പോള്‍ പറയുന്നില്ല. കെ പി സി സി ജനറല്‍ സെക്രട്ടറി ഡി ബാബു പ്രസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സുധീരന്‍ പറഞ്ഞു.