നമീബിയയില്‍ വോട്ടെടുപ്പ്

Posted on: November 29, 2014 6:00 am | Last updated: November 28, 2014 at 11:40 pm

മറാക്കെച്ച്: പാര്‍ലിമെന്റ് അംഗങ്ങളേയും പ്രസിഡന്റിനേയും തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ദക്ഷിണ ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ ആരംഭിച്ചു. രാജ്യത്തെ ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം പേര്‍ വോട്ടവകാശമുള്ളവരാണ്. 1990ല്‍ രാഷ്ട്രം സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം തുടര്‍ച്ചയായി ഭരണത്തിലുള്ള ‘സ്വാപോ’ പാര്‍ട്ടി തന്നെ ഈ തിരഞ്ഞെടുപ്പിലും വിജയിക്കാനാണ് സാധ്യത. ഭരണ കക്ഷിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹേഗ് ഗീന്‍ഗോബാണ്. വിജയിക്കുകയാണെങ്കില്‍ അദ്ദേഹം ഹിഫികെപുന്‍യെ പൊഹമ്പയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടും. പൊഹമ്പെ കഴിഞ്ഞ പത്ത് വര്‍ഷമായി പ്രസിഡന്റാണ്. ആയിരക്കണക്കിന് പോളിംഗ് സ്റ്റേഷനുകളില്‍ ബാലറ്റ് പേപ്പറിന് പകരം വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പതിനാറ് രാഷ്ട്രീയ പാര്‍ട്ടികളും ഒമ്പത് പ്രസിഡന്റ് സ്ഥാനാര്‍ഥികളുമാണ് മത്സര രംഗത്തുള്ളത്. താരതമ്യേന രാഷ്ട്രീയ സ്ഥിരതയുള്ള രാജ്യമാണ് നമീബിയ.