Connect with us

Kerala

അലീന കേട്ടറിഞ്ഞു; കരവിരുതിന്റെ ദൃശ്യഭംഗി

Published

|

Last Updated

തിരൂര്‍: അലീനക്കറിയില്ലായിരുന്നു താന്‍ നിര്‍മിച്ച കുട്ടയുടെ ചേലും ചന്തവും എത്രയെന്ന്. നന്നായിരിക്കുന്നെന്ന് സ്വന്തം അധ്യാപികമാര്‍ പറഞ്ഞപ്പോഴാണ് ആ മുഖം വിടര്‍ന്നത്. സ്വന്തം കൈകള്‍കൊണ്ട് മെനഞ്ഞെടുത്തതാണെങ്കിലും ആ കുട്ടയുടെ രൂപം അവള്‍ക്ക് തൊട്ടറിയാനേ സാധിക്കുമായിരുന്നുള്ളൂ. അകക്കണ്ണിന്റെ കാഴ്ചയിലാണ് കാഴ്ചയുള്ളവരെ പോലും അതിശയിപ്പിക്കുംവിധം രണ്ട് കുട്ടകള്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് അവള്‍ മെനഞ്ഞെടുത്തത്.
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ തത്‌സമയ നിര്‍മാണ മത്സര വേദിയില്‍ കോട്ടയം കാളകെട്ടി അസീസി ബ്ലൈന്‍ഡ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അലീന കാണികളുടെയൊക്കെ മനം കവര്‍ന്നാണ് മുള ഉത്പന്ന വിഭാഗത്തില്‍ മൂന്ന് മണിക്കൂറിനുളളില്‍ രണ്ട് കുട്ടകള്‍ നിര്‍മിച്ചെടുത്തത്. സ്‌കൂളിലെ ആയ ബിന്ദുവാണ് അലീനക്ക് മുള ഉത്പന്ന നിര്‍മാണത്തില്‍ ആത്മവിശ്വാസവും പകര്‍ന്നത്. മുരുകന്‍- മോളി ദമ്പതികളുടെ മകളായ അലീന പഠിക്കാനും മിടുക്കിയാണ്. ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുന്നത്. കൂട്ടുകാരിയായ സീതാലക്ഷ്മി ഹരിദാസ് പ്ലാസ്റ്റിക് നൂല്‍കൊണ്ട് കസേര മെടച്ചിലിലും പങ്കെടുത്തു. ശാസ്‌ത്രോത്സവത്തില്‍ ഇന്നലെ ജനശ്രദ്ധ പിടിച്ചു പറ്റിയതും സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉത്പന്നങ്ങളായിരുന്നു.