ഗീസില്‍ തൊഴിലാളി സമരം: വ്യോമ ഗതാഗതം തടസ്സപ്പെട്ടു

Posted on: November 28, 2014 5:34 am | Last updated: November 27, 2014 at 10:34 pm

ഏതന്‍സ്: ഗ്രീസില്‍ തൊഴിലാളി യൂനിയനുകളുടെ 24 മണിക്കൂര്‍ സമരത്തില്‍ നൂറുകണക്കിന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. ഗതാഗതവും താറുമാറായി. സ്വകാര്യ സംഘടനനായ ജി എസ് ഇ ഇയും സര്‍ക്കാര്‍ ഘടകം എ ഡി ഇ ഡി വൈയും ചേര്‍ന്നാണ് സമരം സംഘടിപ്പിച്ചത്. ജോലിക്കാരെ പിരിച്ചുവിടുന്നതിനും പെന്‍ഷന്‍ സമ്പ്രദായം നവീകരിക്കുന്നതിനും ആസൂത്രണം ചെയ്ത നടപടികളില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ രംഗത്ത് വന്നത്. രണ്ട് തവണ ഗ്രീസിന് രക്ഷാ പാക്കേജ് പ്രഖ്യാപിച്ചതിന്റെ ഭാഗമായി യൂറോപ്യന്‍ യൂനിയനും ഐ എം എഫും നിര്‍ദേശിച്ച നവീകരണത്തിനെതിരെയാണ് സംഘടനകള്‍ രംഗത്ത് വന്നത്. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. വ്യോമ ഗതാഗത നിയന്ത്രണ വിഭാഗം ജീവനക്കാരും സമരത്തില്‍ പങ്കെടുത്തതിനാലാണ് വിമാന സര്‍വീസുകള്‍ താറുമാറായത്. ട്രെയിന്‍, ബോട്ട് സര്‍വീസുകളും തടസ്സപ്പെട്ടു. നികുതി വര്‍ധനകൊണ്ടും കടുത്ത നയങ്ങളെകൊണ്ടും ഉപദ്രവിക്കുന്ന സര്‍ക്കാര്‍ നടപടികളെ ചെറുക്കുകയാണ് സമരത്തിന്റെ ലക്ഷ്യമെന്ന് ജി എസ് ഇ ഇ പ്രസ്താവനയില്‍ പറഞ്ഞു. മാനുഷിക പ്രതിസന്ധിയുണ്ടാക്കുന്ന സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ മധ്യകാലഘട്ടത്തേക്ക് കൊണ്ടുപോകുന്നതാണെന്ന് അവര്‍ ആരോപിച്ചു. ആയിരത്തിലധികം പ്രതിഷേധക്കാര്‍ പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്. കടുത്ത തൊഴിലില്ലായ്മക്ക് കാരണമാകുന്ന നടപടിക്കെതിരെ ഏപ്രിലില്‍ ഇരു യൂനിയനുകളും വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.