Connect with us

Malappuram

തിരൂരങ്ങാടിയിലെ പുര പദ്ധതി നഷ്ടമാകുന്നു

Published

|

Last Updated

തിരൂരങ്ങാടി: പഞ്ചായത്തില്‍ ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയതും വന്‍ വിവാദങ്ങള്‍ക്ക് കാരണമായതുമായ പുര പദ്ധതി നഷ്ടമാകുന്നു. മുന്‍ രാഷ്ട്രപതി എ പിജെ അബ്ദുല്‍ കലാമിന്റെ പ്രത്യേക പദ്ധതിയായ പ്രൊവിഷണ്‍ ഓഫ് അര്‍ബന്‍ അമിനിറ്റീസ് ഇന്‍ റൂറല്‍ ഏരിയാസ് (പുര) എന്ന പദ്ധതിയാണ് നടപ്പിലാക്കാത്തത് മൂലം മുടങ്ങിപ്പോകുന്നത്. ഗ്രാമങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടെ വികസനമൊരുക്കുക എന്ന കാഴ്ചപ്പാടോടെ കേന്ദ്ര ഗ്രാമ വികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തില്‍ തിരൂരങ്ങാടി പഞ്ചായത്തിലും തൃശൂര്‍ ജില്ലയിലെ തളിക്കുളം പഞ്ചായത്തിലുമാണ് ഇത് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്. 116 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഇതുവഴി നടക്കുക. ശുദ്ധജല വിതരണം, ട്രോമാ കെയര്‍, സോളാര്‍ സ്ട്രീറ്റ്‌ലൈറ്റ്, ഖരമാലിന്യ സംസ്‌കരണം, റൂറല്‍ ഹബ്, ബസ് ടെര്‍മിനല്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍ക്കൊള്ളുക. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം 2012 ഫെബ്രുവരിയില്‍ കേന്ദ്രമന്ത്രി ജയറാം രമേശ് നിര്‍വഹിച്ചിരുന്നു.
അതിനിടെ ഈ പദ്ധതിയിലെ ബസ്‌ടെര്‍മിനല്‍ മമ്പുറം നവരക്കായ പാടത്ത് നിര്‍മിക്കാനുള്ള ഗ്രാമ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത് വരികയും ലീഗ്-കോണ്‍ഗ്രസ് ബന്ധം തകരുകയും കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റിനെ ലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കുകയും ചെയ്തു. ജനകീയ സമിതിയുടേയും മറ്റും നേതൃത്വത്തില്‍ നിരവധി സമരങ്ങളും നടന്നിരുന്നു. എന്നാല്‍ പദ്ധതിക്ക് വിനിയോഗിക്കേണ്ട തുകയുടെ പകുതി ഭാഗം സംസ്ഥാന സര്‍ക്കാറാണ് ചെലവഴിക്കേണ്ടത്. ആ തുക ഇതുവരേയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. ഇതാണ് പുര പദ്ധതി മുടങ്ങാന്‍ കാരണമായത്. പുര പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും മലപ്പുറത്തും തൃശൂരും തിരൂരങ്ങാടിയിലുമായി അന്‍പതിലേറെ യോഗങ്ങളാണ് വകുപ്പ് തലത്തില്‍ നടന്നിട്ടുള്ളത്. ഏതായാലും ഏറെകൊട്ടിഘോഷിച്ച് തുടങ്ങിയ തിരൂരങ്ങാടിയിലെ പുര പദ്ധതി പൊളിഞ്ഞിരിക്കുകയാണ്.

Latest