Connect with us

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ അഡീഷനല്‍ തഹസില്‍ദാര്‍ പിടിയില്‍

Published

|

Last Updated

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അഡീഷനല്‍ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയിലായി.അമ്പലപ്പുഴ താലൂക്ക് ഓഫീസിലെ അഡീഷനല്‍ തഹസില്‍ദാര്‍ വി സുഗുണനെയാണ് വിജിലന്‍സ് ഡി വൈ എസ് പി. കെ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോട്ടയത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. തിരുവമ്പാടി സ്വദേശി ഗോപന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബേങ്ക് വായ്പക്കായി വസ്തു ഈട് നല്‍കുന്നതിന് കരം അടച്ച രശീതി ഗോപന്‍ മുല്ലക്കല്‍ വില്ലേജ് ഓഫീസില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗോപന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ റീസര്‍വേ പ്രകാരം ഒരു സെന്റ് കൂടുതലായി കണ്ടെത്തി. അതിനാല്‍ താലൂക്കില്‍ നിന്നുള്ള അനുമതി വേണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഗോപന്റെ ഭാര്യയുടെ പേരിലുള്ള മറ്റൊരു വസ്തു പണയപ്പെടുത്താന്‍ ശ്രമിച്ചപ്പോഴും ഇതേ രീതിയില്‍ റീസര്‍വേയില്‍ കൂടുതല്‍ ഭൂമിയുള്ളതായി കണ്ടെത്തി ഇതിനും താലൂക്ക് ഓഫീസില്‍ നിന്നുള്ള അനുമതി ആവശ്യമായി വന്നു. തുടര്‍ന്നാണ് അഡീഷനല്‍ തഹസില്‍ദാര്‍ വി സുഗുണനെ സമീപിച്ചത്. എന്നാല്‍ രണ്ട് സെന്റ് ഭൂമി അധികമായി ലഭിക്കുകയാണെന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ വസ്തു പേരില്‍ കൂട്ടി ഫോറത്തില്‍ ഒപ്പിട്ടുനല്‍കുന്നതിന് വസ്തുവിലയുടെ ഒരു ഭാഗം തനിക്ക് തരണമെന്ന് സുഗുണന്‍ ആവശ്യപ്പെട്ടു. രണ്ട് വസ്തുവിലെയും ഓരോ സെന്റിന് 5000 രൂപ വീതം 10,000 രൂപ നല്‍കണമെന്നും സുഗുണന്‍ പറഞ്ഞു. ഈ വിവരം വിജിലന്‍സിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ രംഗനിരീക്ഷണം നടത്താന്‍ ഗോപനൊപ്പം വിട്ടു. തലേ ദിവസം 1000 രൂപ കൈക്കൂലിയായി നല്‍കിയെങ്കിലും 10,000 രൂപയുമായി ബുധനാഴ്ച രാവിലെ 11ന് മുമ്പായി എത്തണമെന്നായി സുഗുണന്‍. ഇത് പിന്നീട് 8,000മാക്കിക്കുറച്ചു. തുടര്‍ന്ന് വിജിലന്‍സിന്റെ പ്രത്യേക സംഘം വേഷം മാറിയെത്തുകയും പ്രത്യേക രാസവസ്തു പുരട്ടിയ ആയിരത്തിന്റെ എട്ട് നോട്ടുകള്‍ ഗോപന്‍, സുഗുണന് കൈമാറുകയും ചെയ്തു. ഇയാള്‍ ഇത് ഫയലുകളുടെ ഇടയിലേക്ക് ഒളിപ്പിക്കുന്നതിനിടെ വിജിലന്‍സ് സംഘമെത്തി പിടികൂടുകയായിരുന്നു. ഇയാളുടെ പോക്കറ്റില്‍ നിന്നും ബാഗില്‍ നിന്നും 1000 ന്റെ നോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൈവശം സൂക്ഷിക്കുന്ന പണത്തിന്റെ കണക്ക് രേഖപ്പെടുത്തുന്ന ഓഫീസ് രജിസ്റ്ററില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന സംഖ്യ രേഖപ്പെടുത്തിയിരുന്നില്ല. ഒരു മാസം മുമ്പ് തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസില്‍ നിന്ന് സ്ഥലം മാറിയെത്തിയ സുഗുണനെ നേരത്തെയും കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴയില്‍ ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഉന്നത ഉദ്യോഗസ്ഥര്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലാകുന്നത്.

---- facebook comment plugin here -----

Latest