സാന്താക്ലോസുകളുടെ ചോക്കലേറ്റ് വിതരണം സ്‌കൂളില്‍ പാടില്ലെന്ന് വി എച്ച് പി

Posted on: November 27, 2014 5:35 am | Last updated: November 26, 2014 at 11:36 pm

റായ്പൂര്‍: ക്രിസ്മസ് ദിനത്തില്‍ സാന്താക്ലോസുമാര്‍ വിദ്യാര്‍ഥികള്‍ക്ക് ചോക്കലേറ്റുകള്‍ വിതരണം ചെയ്യുന്നതിനെ വിമര്‍ശിച്ച് വി എച്ച് പി. ഛത്തീസ്ഗഢിലെ സ്‌കൂള്‍ ബസുകള്‍ മതകീയ പരിപാടികള്‍ക്ക് ഉപയോഗിക്കുന്നതടക്കമുള്ള ചര്‍ച്ചുകളുടെ മറ്റ് പല നടപടികളെയും ബസ്താര്‍ മേഖലയിലെ വി എച്ച് പി യൂനിറ്റ് എതിര്‍ക്കുന്നു. ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ സരസ്വതി ദേവിയുടെ പ്രതിമ പ്രതിഷ്ഠിക്കണമെന്നും ഹിന്ദു ആദര്‍ശങ്ങള്‍ പഠിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
വി എച്ച് പിയുടെ ഭീഷണി കണക്കിലെടുത്ത് പ്രതിമ വെക്കാമെന്ന് ക്രിസ്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചെങ്കിലും മറ്റ് ആവശ്യങ്ങളെ എതിര്‍ത്തു. വത്തിക്കാനില്‍ കഴിഞ്ഞ ദിവസം മാര്‍പ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ചാവറയച്ചനെ സംബന്ധിച്ച് ജഗ്ദല്‍പൂര്‍ ബിഷപ് ജോസഫ് കൊല്ലംപറമ്പില്‍ പ്രസംഗിച്ചതിന് ശേഷമാണ് ബസ്താറില്‍ വി എച്ച് പി പ്രശ്‌നങ്ങളുണ്ടാക്കിയത്. ഫാദര്‍ എന്ന് അഭിസംബോധന ചെയ്യുന്നതിന് പകരം അധ്യാപകരെ ക്രിസ്ത്യാനികള്‍ അല്ലാത്തവര്‍ പ്രചാര്യ, ഉപ്രാചാര്യ, സര്‍ എന്നിങ്ങനെ വിളിക്കണമെന്ന് വി എച്ച് പി നിര്‍ദേശിച്ചിരുന്നു. ഇത് സ്‌കൂള്‍ അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്.