ഐ ഐ ടി; വിദ്ഗധസംഘം അടുത്തമാസം എത്തും

Posted on: November 27, 2014 12:01 am | Last updated: November 26, 2014 at 11:02 pm

പാലക്കാട്: ഐ ഐ ടി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത കഞ്ചിക്കോട്ടെ സ്ഥല പരിശോധനയ്ക്ക് അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. സംഘം അടുത്തമാസം ആദ്യം പരിശോധനയ്‌ക്കെത്തിയേക്കും.
കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറി, മദ്രാസ് ഐ ഐ ടി ഡയറക്ടര്‍ പ്രഫ. കെ ഭാസ്‌കര രാമമൂര്‍ത്തി, ഹൈദരാബാദ് ഐ ഐ ടി ഡയറക്ടര്‍ പ്രഫ. യു ബി ദേശായ്, കേന്ദ്ര മരാമത്ത് ചീഫ് എന്‍ജിനീയര്‍ കെ അരുധീശ്വരന്‍, സംസ്ഥാന ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ എം ഏബ്രഹാം എന്നിവരാണു സംഘത്തിലുള്ളത്.
സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മാനവശേഷിവികസന മന്ത്രാലയം സ്ഥലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 500 മുതല്‍ 600 ഏക്കര്‍ വരെ സ്ഥലമാണ് ഐ ഐ ടിക്ക് ആവശ്യം. പാലക്കാട് പുതുശ്ശേരി സെന്‍ട്രലില്‍ 600 ഏക്കറും വെസ്റ്റില്‍ 650 ഏക്കര്‍ ഭൂമിയുമാണു കണ്ടെത്തിയിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലം കണ്ടെത്താന്‍ കിന്‍ഫ്രയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, ഐ ഐ ടിയുടെ ആദ്യ ബാച്ച് അടുത്ത അധ്യയനവര്‍ഷം ആരംഭിക്കാന്‍ 40,000 ചതുരശ്ര അടി താല്‍ക്കാലിക സംവിധാനം ഒരുക്കാന്‍ സംസ്ഥാനത്തിനു കേന്ദ്രം നിര്‍ദേശം നല്‍കി.
അക്കാദമിക് സൗകര്യങ്ങള്‍ക്കു മാത്രമാണ് ഇത്രയും സ്ഥലം വേണ്ടത്. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും താമസത്തിനുള്ള സൗകര്യവും നല്‍കണം. ചെലവു കേന്ദ്രം വഹിക്കും. താല്‍ക്കാലിക സംവിധാനത്തിന് എഫ് സി ആര്‍ ഐ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ സാധ്യതകള്‍ പരിശോധിക്കുന്നതിനൊപ്പം കഞ്ചിക്കോട്ടെ സ്ഥലത്തു സ്വന്തമായി താല്‍ക്കാലിക ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങള്‍ സ്ഥാപിക്കുന്നതും പരിഗണനയിലാണ്. നാലു വര്‍ഷത്തേക്കെങ്കിലും താല്‍ക്കാലിക സംവിധാനം തുടരേണ്ടിവരും. സ്ഥലം ഏറ്റെടുത്തു കെട്ടിടങ്ങള്‍ നിര്‍മിച്ചശേഷം ഐ ഐ ടി ആരംഭിക്കാന്‍ കാലതാമസമെടുക്കുമെന്നതിനാല്‍ ക്ലാസ് അടുത്തവര്‍ഷം തന്നെ ആരംഭിക്കാനാണു സംസ്ഥാന സര്‍ക്കാരിന്റെയും തീരുമാനം.