Connect with us

International

പ്രതിഷേധം തുടരുന്നു: കലിയടങ്ങാതെ കറുത്തവര്‍ഗക്കാര്‍

Published

|

Last Updated

ന്യൂയോര്‍ക്ക് : ഫെര്‍ഗുസണ്‍ ജൂറി തീരുമാനത്തില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ ചില നഗരങ്ങളില്‍ രണ്ടാം ദിവസവും പ്രതിഷേധമിരമ്പി. സെന്‍ട്രല്‍ സെന്റ് ലൂയിസില്‍ പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം ട്രാഫിക് സ്തംഭിപ്പിച്ചു. അന്തര്‍ സംസ്ഥാന പാതകള്‍ സ്തംഭിപ്പിച്ച പ്രതിഷേധക്കാര്‍ ഇല്യോനിസ് നഗരവുമയി ബന്ധിപ്പിക്കുന്ന മിസിസിപ്പി നദിക്ക് കുറുകെയുള്ള പാലവും ഉപരോധിച്ചു. അന്തര്‍ സംസ്ഥാനപാതകള്‍ ഉപരോധിച്ച നിരവധി പ്രതിഷേധക്കാരെ കലാപ നിയന്ത്രണത്തിന് നിയോഗിച്ച പോലീസ് അറസ്റ്റ് ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. കറുത്ത വര്‍ഗക്കാരനായ മൈക്കല്‍ ബ്രോണ്‍ എന്ന നിരായുധനായ കൗമാരക്കാരനെ കൊലപ്പെടുത്തിയ വെള്ളക്കാരനായ പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയ ജൂറി നിലപാടില്‍ പ്രതിഷേധിച്ചാണ് ജനക്കൂട്ടം രണ്ടാം ദിവസവും പ്രതിഷേധമായി തെരുവിലിറങ്ങിയത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിനെ സഹായിക്കാന്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെയും വിന്യസിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പോലീസിനും നാഷണല്‍ ഗാര്‍ഡുകള്‍ക്കും നേരെ പ്രതിഷേധക്കാര്‍ കൈയില്‍കിട്ടിയതെന്തും എടുത്തെറിഞ്ഞതിനെത്തുടര്‍ന്ന് ഫെര്‍ഗുസണ്‍ പോലീസ് കാര്യാലയത്തിന് സമീപത്തുവെച്ച് കുറച്ച് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. ഫെര്‍ഗുസണ്‍ നഗരത്തില്‍ സായുധരായി വാഹനത്തില്‍ റോന്ത് ചുറ്റുന്ന പോലീസും സൈനികരും ജനങ്ങളോട് പിന്തിരിയാന്‍ ആജ്ഞാപിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും നൂറ് കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി നഗരത്തില്‍ നിലയുറപ്പിച്ചു. എന്നാല്‍ തലേ ദിവസത്തെപ്പോലെ അക്രമങ്ങള്‍ അരങ്ങേറിയില്ല. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, പോര്‍ട്ട് ലാന്റ് , ബാല്‍ട്ടിമോര്‍ തുടങ്ങിയ നഗരങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത റാലി നടന്നു. കലാപകാരികളെ നിയന്ത്രിക്കാനായി മിസോറി ഗവര്‍ണര്‍ ഫെര്‍ഗുസണിന് സമീപമുള്ള മേഖലകളില്‍ 2,200 ല്‍ അധികം നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, തനിക്ക് നല്ല ബോധ്യമുണ്ടെന്നും താന്‍ തന്റെ ജോലി ശരിയായി ചെയ്തുവെന്നും മൈക് ബ്രോണിനെ കൊലപ്പെടുത്തിയ ഡാരന്‍ വില്യംസ് എന്ന പോലീസുകാരന്‍ എ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അക്രമ സംഭവങ്ങളെ അപലപിച്ച പ്രസിഡന്റ് ബരാക് ഒബാമ ഇതിനു പിന്നില്‍ ക്രിമിനലുകളാണെന്നും ഇവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും പറഞ്ഞു.