Connect with us

Gulf

അറബ് ലീഗിന്റെ അസാധാരണയോഗം അടുത്തയാഴ്ച

Published

|

Last Updated

കെയ്‌റോ : ഫലസ്തീനിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനായി അറബ് ലീഗിന്റെ അസാധാരണയോഗം അടുത്ത ആഴ്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സാന്നിധ്യത്തില്‍ ചേരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പടിഞ്ഞാറന്‍ ജറൂസലമില്‍ മാസങ്ങളായി തുടരുന്ന അശാന്തി അസ്വാരസ്യം സ്യഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മാസം 29 ന് അറബ് ലീഗ് സമ്മേളിക്കുന്നത്. ജറൂസലമില്‍ നാല് യഹൂദ നിയമപണ്ഡിതരും ഒരു പോലീസുകാരനും കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടിരുന്നു. ഫലസ്തീന്‍ യു എന്‍ ഏജന്‍സിയില്‍ അംഗത്വത്തിന് പദ്ധതിയിടവേ ഉണ്ടായ പുതിയ സംഘര്‍ഷങ്ങള്‍ അറബ് വിദേശകാര്യ മന്ത്രിമാര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അറബ് ലീഗിന്റെ ഉപതലവന്‍ അഹ്മദ് ബിന്‍ ഹെല്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫലസ്തീന്‍ മേഖലകളിലെ ഇസ്‌റാഈല്‍ കൈയേറ്റം രണ്ട് വര്‍ഷത്തിനകം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് ഫലസ്തീന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗത്വം നേടുകയും ഇസ്‌റാഈല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് കേസ് നല്‍കുകയും ചെയ്യുമെന്നും ഫലസ്തീന്‍ പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ അമേരിക്ക ഇതിനെതിരെ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ചേക്കാം. ജറൂസലമിലെ ഇസ്‌റാഈലിന്റെ ഇടപെടലുകളും മേഖലയെ സംഘര്‍ഷഭരിതമാക്കുന്ന നടപടികളും സംബന്ധിച്ച് അറബ് വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുമെന്നും ബെന്‍ ഹെല്ലി പറഞ്ഞു.