Connect with us

Palakkad

വിദ്യാര്‍ഥിനി ബസിടിച്ച് മരിച്ച സംഭവം; റോഡ് ഉപരോധിച്ചു

Published

|

Last Updated

പാലക്കാട്: വിക്ടോറിയ കോളജിലെ വിദ്യാര്‍ഥിനി ബസിടിച്ച് മരിച്ചതിനെതുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് രണ്ടരമണിക്കൂറോളം കോളജ് റോഡ് ഉപരോധിച്ചു.
കോളജിന് മുന്നിലെ അപകടകരമായ വലിയ വളവാണ് വിദ്യാര്‍ഥിനി മരിക്കാനിടയായ സാഹചര്യം. ഡിവൈഡറുകളില്ലാതെ അശാസ്ത്രീയമായ ട്രാഫിക് സംവിധാനത്തില്‍ പ്രതിഷേധിച്ച് വിക്ടോറിയ കോളജിന് മുന്നില്‍ രണ്ടരമണിക്കൂറോളം റോഡുപരോധം സംഘടിപ്പിച്ചത്്.
കോളജിലെ രണ്ടാം വര്‍ഷ എക്കണോമിക്‌സ് വിദ്യാര്‍ഥിയും യുവകവയിത്രിയുമായ വിനിതയാണ് തിങ്കളാഴ്ച പകല്‍ പതിനൊന്നിന് കെ എസ് ആര്‍ ടി സി ബസിടിച്ച് മരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കോളജിലെ വിദ്യാര്‍ഥികളും യുവജനസംഘടനകളും നാട്ടുകാരും ചേര്‍ന്ന് റോഡുപരോധിക്കുകയായിരുന്നു.
കോളജിന് മുന്നിലൂടെ പോകുന്ന സംസ്ഥാനപാതയില്‍ ആയിരകണക്കിന് വിദ്യാര്‍ഥികളുള്ള അഞ്ചോളം പ്രാധാന വിദ്യാഭ്യാസ കേന്ദ്രങ്ങളുള്ള മേഖലയാണ്. അങ്ങനെയുള്ള ഭാഗത്ത് യാതൊരു സുരക്ഷാസംവിധാനവുമൊരുക്കാത്തതിനാലാണ് ഇത്തരം അപകടങ്ങളുണ്ടാകുന്നതെന്നാരോപിച്ച് യുവജനസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നൂറകണക്കിന് വിദ്യാര്‍ഥിനികളുള്‍പ്പടെ വിദ്യാര്‍ഥികള്‍ നടുറോഡില്‍ കുത്തിയിരുന്നു ഉപരോധം തീര്‍ത്തു.
പി എം ജി സ്‌കൂളിലെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉപരോധസമരത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് പ്രകടനവും ഗവ. മോയന്‍ സ്‌കൂളിന് സമീപം ഉപരോധം തീര്‍ക്കുകയും ചെയ്തു.
ഇതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കരുക്കുണ്ടായി. തുടര്‍ന്ന് കോളജ് റോഡിലൂടെ പോകേണ്ട വാഹനങ്ങളെ താരേക്കാട്-കൊപ്പം വഴി തിരിച്ച് വിടുകയായിരുന്നു. സംഭവമറിഞ്ഞ് ടൗണ്‍ നോര്‍ത്ത് സി ഐ ആര്‍ ഹരിപ്രസാദ്, എസ് ഐ എം സുജിത് എന്നിവര്‍ കോളജ്‌വിദ്യാര്‍ഥികള്‍, അധ്യാപകരുമായി ചര്‍ച്ചചെയ്തു വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നേറ്റു.
ഉടനെതന്നെ കോളജിന് മുന്നില്‍ നൂറടിറോഡിലേക്ക് തിരിയുന്ന ഭാഗത്ത് താല്‍ക്കാലികമായി ഡിവൈഡറുകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് സിപിഐ എം ജില്ല സെക്രട്ടറി സി കെ രാജേന്ദ്രന്‍, ജനപ്രതിനിധികളായ ടി എന്‍ കണ്ടമുത്തന്‍, ഷാഫി പറമ്പില്‍, നഗരസഭ ചെയര്‍മാന്‍ പി വി രാജേഷ്, എന്‍ ശിവരാജന്‍, ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ് നിതിന്‍ കണിച്ചേരി എന്നിവര്‍ സംഭവസ്ഥലത്തെത്തി വിദ്യാര്‍ഥികളുമായി സംസാരിച്ചു.
എത്രയും പെട്ടെന്ന് ഈ റോഡിലെ അപരിഷ്‌കൃതമായ ഗതാഗതസംവിധാനം ഒഴിവാക്കി ശാശ്വതമായ സംവിധാനം കൊണ്ടുവരാന്‍ ഇടപെടുമെന്ന് ഇവര്‍ ഉറപ്പുനല്‍കി. വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാഷിറും എസ്എഫ്‌ഐ ജില്ല സെക്രട്ടറി എസ് സ്വരൂപും സംസാരിച്ചു. ഡിവൈഡര്‍ സ്ഥാപിക്കുന്നതിനും പുറമെ കോളജിന് മുന്നിലുള്ള ട്രാഫിക് സംവിധാനം സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. ഇതിനിടെ ഷാഫി പറമ്പില്‍ എം എല്‍ എ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ ബന്ധപ്പെടുകയും അടുത്ത മന്ത്രിസഭയോഗത്തില്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്‌തോടെ വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്ന് പിന്‍മാറി. കോളജിലേക്ക് തിരികെ പോകുകയും ചെയ്തു. ഇതിനിടെ ട്രാഫിക് പോലീസ് ഡിവൈഡര്‍ കോളജിന് മുന്നില്‍ സ്ഥാപിക്കുകയും ചെയ്തു.
വിക്ടോറിയ പരിസരത്ത് സ്വകാര്യബസുകളുടെ മത്സരയോട്ടം പതിവാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പലപ്പോഴും കുട്ടികള്‍ തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന് ബസ ജീവനക്കാരുടെയും ഉടമകളുടെയും വിദ്യാര്‍ഥി പ്രതിനിധികളുടെയും യോഗം കലക്ടറുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്.
കോളജ് റോഡില്‍ മാത്രം നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങളിലായി അയ്യായിരത്തിലധികം വിദ്യാര്‍ഥികളുള്ള മേഖലയില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഗതാഗതസംവിധാനം താത്ക്കാലികമായി ഒരുക്കുന്നതിന് പകരം മുന്‍കൂട്ടി ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കുവാനുള്ള ശ്രദ്ധയും കരുതലുമെടുക്കാന്‍ പോലീസ് അധികാരികള്‍ തയ്യാറാകുന്നില്ല. അതിനാല്‍ ശാശ്വതമായ ഗതാഗത സംവിധാനം കൈാകൊള്ളുവാന്‍ പോലീസ് അധികാരികള്‍ നടപടിയെടുക്കുവാന്‍ തയ്യാറാകണമെന്ന് ഡി വൈ എഫ് ഐ ജില്ല സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. വൈകീട്ട് മൂന്നരയോടെ ജില്ല ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് വിനിതയുടെ മൃതദേഹം കോളജിലെ പോര്‍ട്ടിക്കോയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴും നൂറുകണക്കിന് വിദ്യാര്‍ഥികളും നാട്ടുകാരുമാണെത്തിയത്.