ഇന്ത്യ-യുഎഇ ബന്ധം മാതൃകാപരം

Posted on: November 24, 2014 4:33 pm | Last updated: November 24, 2014 at 4:33 pm

usthd phtoഅബുദാബി: ഇന്ത്യ-യു എ ഇ ബന്ധം ലോകത്തിനാകെ മാതൃകയാണെന്ന് സിറാജ് ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. യു എ ഇ ആഭ്യന്തര മന്ത്രാലയവും സിറാജ് ദിനപത്രവും തമ്മില്‍ സാമൂഹ്യ സുരക്ഷാ ബോധവത്കരണത്തിനുള്ള ധാരണാ പത്രം അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തില്‍ അബുദാബി പോലീസ് ഫിനാന്‍സ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഖലീല്‍ ദാവൂദ് ബദ്‌റാനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു കാന്തപുരം.
ഇന്ത്യ-യു എ ഇ ബന്ധം രണ്ടു രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും സാഹോദര്യവും വര്‍ധിപ്പിച്ചിട്ടുണ്ട്. യു എ ഇ 43-ാം ദേശീയ ദിനം ആഘോഷിക്കുമ്പോള്‍ ഇത് ഏറെ പ്രകടമാണ്. യു എ ഇയിലെ ഇന്ത്യന്‍ ജനത ആഹ്ലാദ പൂര്‍വം ഇതില്‍ പങ്കാളികളാവുകയാണ്. യു എ ഇയിലെ ഇന്ത്യക്കാര്‍ക്കിടയില്‍, വിശേഷിച്ചും മലയാളികള്‍ക്കിടയില്‍ യു എ ഇ നിയമത്തെ കുറിച്ചും സുരക്ഷയെ കുറിച്ചുമുള്ള ബോധവത്കരണത്തിനു അവസരം ലഭിച്ച സിറാജ് ദിനപത്രം അതിന്റെ ദൗത്യം വിജയകരമായി നിര്‍വഹിച്ചുവരികയാണെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.
ഇവിടുത്തെ ഇന്ത്യന്‍ ജനത യു എ ഇയുടെ ഭാഗം തന്നെയാണെന്ന് ഖലീല്‍ ദാവൂദ് ബദ്‌റാന്‍ പറഞ്ഞു. സമാധാനത്തോടെയും യു എ ഇ നിയമങ്ങള്‍ അനുസരിച്ചും ജീവിക്കുന്ന സമൂഹമാണ് ഇന്ത്യക്കാരെന്നും സിറാജ് ദിനപത്രവുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ദാവൂദ് ബദ്‌റാന്‍ പറഞ്ഞു.
കെ എം അബ്ബാസ്, എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, മുനീര്‍ പാണ്ട്യാല, സലാം സഖാഫി എരഞ്ഞിമാവ് എന്നിവരും സംബന്ധിച്ചു.