Connect with us

Gulf

ആയിരം തൊഴിലാളികള്‍ ഒന്നിച്ചപ്പോള്‍ യു എ ഇ പതാക വിരിഞ്ഞു

Published

|

Last Updated

ദുബൈ: ദേശീയ പതാകയുടെ വര്‍ണങ്ങളിലുള്ള വസ്ത്രങ്ങളും തൊപ്പിയും അണിഞ്ഞ് ആയിരം തൊഴിലാളികള്‍ ചേര്‍ന്നു നിന്നപ്പോള്‍ വിരിഞ്ഞത് യു എ ഇ ദേശീയ പതാക. സബീല്‍ പാര്‍ക്കിലെ മൈതാനത്താണ് കൗതുകമുള്ള കാഴ്ച അരങ്ങേറിയത്. ദുബൈ നഗരസഭയുടെ ഭാഗമായ പബ്ലിക് പാര്‍ക്‌സ് ആന്‍ഡ് ഹോട്ടികള്‍ച്ചര്‍ ഡിപാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തിലായിരുന്നു 43ാം ദേശീയ ദിനത്തിന്റെ മുന്നോടിയായി ജീവനക്കാര്‍ ടീ ഷര്‍ട്ടും തൊപ്പിയും അണിഞ്ഞെത്തിയത്.
ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത ഉദ്ഘാടനം ചെയ്തു. നഗരസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പെടെയുള്ളവര്‍ പരിപാടിക്ക് സാക്ഷികളാവാന്‍ എത്തിയിരുന്നു. ദേശീയ ദിനത്തോടുള്ള ആദരവ് പ്രകടമാക്കാനും സന്തോഷം പങ്കിടാനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു ഉദ്യമത്തിന് ദുബൈ നഗരസഭ നേതൃത്വം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തോളം ജീവനക്കാരാണ് നാലു നിറങ്ങളിലുള്ള ടി ഷര്‍ട്ടുകളും തൊപ്പിയും ധരിച്ച് ദേശീയ പതാക നിര്‍മാണ പരിപാടിയില്‍ പങ്കാളികളായത്.
ജീവനക്കാരെ സന്തുഷ്ടരായി നിലനിര്‍ത്താന്‍ കൂടിയാണ് ഇത്തരം ഒരു യജ്ഞം നടത്തിയതെന്ന് നഗരസഭയുടെ പബ്ലിക് പാര്‍ക്‌സ് ആന്‍ഡ് ഹോട്ടികള്‍ച്ചറല്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ അവദി വ്യക്തമാക്കി.
ദേശീയ ദിനവുമായി ബന്ധപ്പെട്ട് വകുപ്പിന് കീഴില്‍ വിവിധങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സമൂഹത്തിലെ പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കായും പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.