സ്‌നേഹതീരത്ത് അവര്‍ ഒത്തുചേര്‍ന്നു

Posted on: November 24, 2014 10:09 am | Last updated: November 24, 2014 at 10:09 am

എടക്കര: സ്‌നേഹതീരത്ത് അവര്‍ എല്ലാം മറന്ന് ഒത്തുചേര്‍ന്നു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ജ്യോതി, പാലിയേറ്റീവ്, കെയര്‍ സെന്റര്‍ എന്നിവരുടെ സഹായത്തോടെയാണ് സ്‌നേഹതീരം ബാക്ക്ടു ലൈഫ് കെട്ടിടം ചുങ്കത്തറയില്‍ സജ്ജമാക്കിയത്.
വീടിന്റെ നാല് ചുമരകുള്‍ക്കിടയില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് സ്‌നേഹതീരം പകല്‍വീടായി മാറി. നട്ടെല്ലിന് തകരാര്‍ സംഭവിച്ചവര്‍, വിവിധതരം കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ എന്നിവരെല്ലാം സ്‌നേഹതീരത്ത് ഒത്തുചേര്‍ന്നു. ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പങ്കെടുത്തു.
2009ല്‍ ജ്യോതി പാലിയേറ്റീവ് സെന്ററില്‍ നട്ടെല്ലിന് തകാരാര്‍ സംഭവിച്ചവര്‍ക്ക് വേണ്ടി തുടങ്ങിയ പുനരധിവാസ കേന്ദ്രമാണ് സ്‌നേഹതീരം. പാലിയേറ്റീവ് സെന്ററിന് പ്രവാസി സുഹൃത്തുക്കള്‍ സംഭാവന ചെയ്ത 21 സെന്റ് സ്ഥലത്തില്‍ നിന്നും പത്ത് സെന്റ് സ്ഥലം ബ്ലോക്ക് പഞ്ചായത്തിന് സംഭാവന ചെയ്തു. മൂന്ന് നിലകെട്ടിടമായിരുന്നു വിഭാവന ചെയ്തിരുന്നത്. ഇതില്‍ ഒന്നാം നിലയുടെ പണി പൂര്‍ത്തിയായതോടെയാണ് പാലിയേറ്റീവ് സെന്ററിലായിരുന്ന കൂടിച്ചേരല്‍ സ്‌നേഹതീരത്തേക്ക് മാറ്റിയത്.
ഫിസിയോ തെറാപ്പി, ഒക്കുപേഷന്‍ തെറാപ്പി തുടങ്ങിയ പരിചരണങ്ങളും തൊഴില്‍ പരിശീലനവും കൗണ്‍സിലിംഗും നല്‍കും. അവിടെ സങ്കടങ്ങള്‍ സന്തോഷവും പരസ്പരം പങ്കുവെച്ചായിരിക്കും അവരുടെ കൂട്ടുകെട്ട്. ചടങ്ങില്‍ മന്ത്രിയെ കൂടാതെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, വ്യാപാരി, പാലിയേറ്റീവ്, വിവിധ സാമൂഹിക സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.