Connect with us

Kasargod

റോഡ് വെട്ടിമാറ്റി പൈപ്പ്‌ലൈന്‍; കുഴി ശരിയായി മൂടാത്തതിനാല്‍ അപകടം പതിവാകുന്നു

Published

|

Last Updated

ചെര്‍ക്കള: പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി റോഡ് പിളര്‍ത്തിയപ്പോള്‍ ഉണ്ടായ നീളമുള്ള കുഴി ശരിയാക്കി ടാറിംഗ് ചെയ്ത് അടക്കാത്തത് മൂലം അപകടങ്ങള്‍ പതിവാകുന്നു. ജില്ലയില്‍തന്നെ ഏറ്റവും മികച്ച റോഡായ ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥന പാതയിലാണ് ഈ ദുര്‍ഗതി.
മാസങ്ങള്‍ക്കു മുമ്പ് ബാവിക്കര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പുതുക്കി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വാട്ടര്‍ അതോറിറ്റി ഹൈവേ നെടുകെ പിളര്‍ത്തി കുഴിയെടുത്തത് എന്നാല്‍ ശരിയായ രീതിയില്‍ ടാറിംഗ് നടത്തി കുഴി അടക്കാന്‍ കരാറുകാറോ അധികാരികളോ തയ്യാറായില്ല. ഇതുമൂലം ഇരുചക്ര വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. മഴ പെയ്താല്‍ കുഴിയില്‍ വെള്ളം നിറഞ്ഞ് ഓവുചാലായി രൂപപ്പെടുന്നു.
ഇടയ്ക്കിടെ കല്ലുകള്‍ നിറച്ച് കുഴി അടക്കാറുണ്ടെങ്കിലും ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാവുകയാണ് ചെയ്യുന്നത്. വലിയ വാഹനങ്ങള്‍ കടന്ന് പോവുമ്പോള്‍ കല്ലുകള്‍ തെറിച്ച് ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പരുക്കേല്‍ക്കുന്നു. ഇതിന് സമീപത്ത് സാമൂഹ്യദ്രോഹികള്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവാണെങ്കിലും അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നു.
അപകടം പതിവാകുന്ന കുഴി എത്രയും പെട്ടെന്ന് ടാറിംഗ് ചെയ്യണമെന്നും റോഡരികില്‍ മാലിന്യം തള്ളുന്ന സാമൂഹ്യ ദ്രോഹികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും എസ് എസ് എഫ് ചെര്‍ക്കള സെക്ടര്‍ ആവശ്യപ്പെട്ടു
ചെര്‍ക്കള-കാസര്‍കോട് ദേശീയപാതയുടെ ടാറിംഗ് ജോലി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും തിരക്കൊഴിവാക്കാന്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.