വേങ്ങരയില്‍ വാണിജ്യ നികുതി വകുപ്പിന്റെ പരിശോധന വ്യാപാരികള്‍ തടഞ്ഞു

Posted on: November 23, 2014 11:42 am | Last updated: November 23, 2014 at 11:42 am

വേങ്ങര: വാണിജ്യനികുതി ഇന്റലിജന്‍സ് അധികൃതര്‍ കടയില്‍ പരിശോധന നടത്തുന്നത് വ്യാപാരികള്‍ സംഘടിച്ചെത്തി തടഞ്ഞു. വേങ്ങര ടൗണില്‍ താഴെ അങ്ങാടിയിലെ എലൈറ്റ് ഫര്‍ണിച്ചര്‍ കടയിലാണ് വാണിജ്യ നികുതി വകുപ്പ് പരിശോധന നടത്തിയത്. വാണിജ്യ വകുപ്പ് അധികൃതര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ പതിനൊന്നോടെ മലപ്പുറം വാണിജ്യ നികുതി വിഭാഗം അസിസ്റ്റന്റ് കമ്മീഷന്‍ കെ പി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടയില്‍ കയറി പരിശോധന നടത്തിയത്.
ഉടന്‍ വ്യാപാരികള്‍ സംഘടിച്ചെത്തി പരിശോധന തടയുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നിന്നതോടെ മലപ്പുറം ഡി വൈ എസ് പി അഭിലാഷ്‌കുമാര്‍, കൊണ്ടോട്ടി സി ഐ സന്തോഷ്, തിരൂരങ്ങാടി, കൊണ്ടോട്ടി വേങ്ങര എസ് ഐമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസും എം എസ് പിയുടെ ഒരു കമ്പനി സായുധ പോലീസും സ്ഥലത്തെത്തി സമാധാനന്തരീക്ഷം ഉറപ്പ് വരുത്തിയ ശേഷമാണ് രേഖകള്‍ പരിശോധിച്ചത്. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത സ്റ്റോക്ക് കണ്ടെത്തിയതായും കൂടുതല്‍ കണക്കുകള്‍ തിട്ടപ്പെടുത്താന്‍ സമയം എടുക്കുമെന്നും വാണിജ്യ വകുപ്പ് ഇന്റലിജന്‍സ് ഓഫീസര്‍ എന്‍ കെ ഹരിദാസന്‍ പറഞ്ഞു. പരിശോധന തുടങ്ങി സമയം മുതല്‍ ഉച്ചക്ക് രണ്ടര വരെ ടൗണിലെ കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. മലപ്പുറം അസി. കമ്മീഷണര്‍ കെ പി രാജന്‍, ഇന്റലിജന്‍സ് ഓഫീസര്‍മാരായ കെ സലീം, എന്‍ കെ ഹരിദാസന്‍, ഇന്‍സ്‌പെക്ടര്‍മാരായ സുബ്രന്‍, മോഹനന്‍, ഉമ, ഗിരീഷന്‍ തുടങ്ങിയവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
വാണിജ്യ നികുതി അധികൃതരുടെ പരിശോധനയില്‍ പ്രതിഷേധിച്ച് വേങ്ങര ടൗണില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഭാരവാഹികളായ പി അസീസ് ഹാജി, എം കെ സൈനുദ്ദീന്‍, എന്‍ മൊയ്തീന്‍ ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.