Connect with us

International

നെയ്‌റോബിയില്‍ ബസ് തട്ടിക്കൊണ്ടുപോയി 28 പേരെ കൊലപ്പെടുത്തി

Published

|

Last Updated

നെയ്‌റോബി: സോമാലിയയിലെ അല്‍ശബാബ് തീവ്രവാദി സംഘടന ബസ് തട്ടിക്കൊണ്ടുപോയി 28 പേരെ കൊലപ്പെടുത്തി. 60 യാത്രക്കാരുമായി നയ്‌റോബിയിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു ബസ് എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സോമാലിയയുടെ അതിര്‍ത്തിക്കടുത്തുള്ള കെനിയയിലെ മണ്ടേരക്കടുത്തുനിന്നാണ് ബസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു. തങ്ങളാണ് ബസ് തട്ടിക്കൊണ്ടുപോയി കൊലനടത്തിയതെന്ന് അവകാശവാദവുമായി അല്‍ശബാബ് തീവ്രവാദികള്‍ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. മുംബാസയിലെ ഒരു പള്ളിയില്‍ കെനിയന്‍ സുരക്ഷാ സൈനികര്‍ നടത്തിയ റെയ്ഡിന് പ്രതികാരമായാണ് ഈ നടപടിയെന്നും തീവ്രവാദികള്‍ അവകാശപ്പെട്ടു.
കെനിയയിലെ ആഭ്യന്തര മന്ത്രാലയം കൊലപാതക വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ക്രിമിനല്‍ സംഘത്തിന് വേണ്ടി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ആക്രമികള്‍ സായുധ സജ്ജരായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് ശേഷം ഇവര്‍ കെനിയ- സോമാലിയ അതിര്‍ത്തി ഭാഗത്തേക്ക് രക്ഷപ്പെട്ടു. ആക്രമികളെ പിടികൂടുന്നതിനായി പ്രത്യേക സുരക്ഷാ സൈന്യത്തെ ഈ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. നൂറിലധികം പേര്‍ ആക്രമണത്തില്‍ പങ്കാളികളായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ വേര്‍തിരിച്ചുനിര്‍ത്തിയതിന് ശേഷമാണ് കൊലപാതകമെന്നും സൂചനയുണ്ട്. കൊലപാതകത്തിന് ശേഷം ബസ് തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഇതിന് പുറമെ അധ്യാപകരുമുണ്ടെന്നാണ് സൂചന.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സോമാലിയയില്‍ നിരവധി ആക്രമണപ്രവര്‍ത്തനങ്ങളില്‍ സജീവമായ തീവ്രവാദി സംഘമാണ് അല്‍ശബാബ് സംഘടന. 77 പേരുടെ മരണത്തിനിടയാക്കിയ 2013ലെ വെസ്റ്റ്‌ഗേറ്റ് ഷോപ്പിംഗ് മാളിലെ ആക്രമണത്തിന് പിന്നിലും ശബാബ് സംഘടനയായിരുന്നു.

Latest