Connect with us

Wayanad

മലബാര്‍ നായര്‍ സമാജം ജില്ലാ കമ്മിറ്റി രൂപവത്കരിക്കും

Published

|

Last Updated

കല്‍പ്പറ്റ: മലബാര്‍ നായര്‍ സമാജം ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം സമുദായ താല്‍പര്യത്തിന് വിരുദ്ധമായി മാറിയ സാഹചര്യത്തിലാണ് മലബാര്‍ നായര്‍ സമാജം പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നത്. പെരുന്ന കേന്ദ്രമാക്കിയുള്ള ഉപജാപക വൃന്ദത്തിനു കീഴില്‍ സാമൂഹിക പ്രതിബദ്ധതയില്ലാതെയാണ് എന്‍.എസ്.എസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. നായര്‍ സമുദായത്തിന്റെ ഗതകാലപ്രതാപം വീണ്ടെടുക്കാന്‍ ശക്തവും ദൃഢവുമായ സംവിധാനം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ മലബാര്‍ നായര്‍ സമാജത്തിന്റെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഡിസംബര്‍ എട്ടിന് കോഴിക്കോട് തളി ഹൈസ്‌കൂളില്‍ ചേരും. 3000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ കേരളത്തില്‍ ഏറ്റവും മുന്‍പന്തിയില്‍നിന്ന നായര്‍ സമുദായം ഇന്ന് ഏറ്റവും പിന്നിലാണ്. വിദ്യാഭ്യാസരംഗത്തെ കുതിച്ചുചാട്ടത്തില്‍ മറ്റുള്ളവര്‍ മികവുകാട്ടിയപ്പോള്‍ ഇപ്പോഴത്തെ എന്‍.എസ്.എസ് നേതൃത്വം പുറംതിരിഞ്ഞുനിന്നു. സ്വാശ്രയ കോളജുകളും ബി.എഡ് കോളജുകളുമൊക്കെ വാരിക്കോരി അനുവദിച്ച കാലത്ത് എന്‍.എസ്.എസ് കോളജുകള്‍ക്കായി അപേക്ഷയൊന്നും നല്‍കിയില്ല. നേരത്തേ 102 സ്‌കൂളുകള്‍ സ്വന്തമായുള്ള എന്‍.എസ്.എസ് കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു സ്‌കൂള്‍ മാത്രമാണ് അധികമായി നേടിയത്. വയനാട്ടില്‍ 12 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളും മൂന്ന് ബി.എഡ് കോളജുകളുമുള്ളപ്പോള്‍ എന്‍.എസ്.എസിന് ഒന്നുപോലുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാത്രമാണ് ഇന്നുമുള്ളത്. മന്നത്തു പത്മനാഭന്റെ വലിയ മോഹമായിരുന്ന മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ പോലും സൊസൈറ്റി നേതൃത്വത്തിന് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ മലബാര്‍ നായര്‍ സമാജം ഒരു മെഡിക്കല്‍ കോളജ് തുടങ്ങാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സമുദായ ഉന്നമനം കൈവിട്ട എന്‍.എസ്.എസ് സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന സാഹചര്യത്തില്‍ കോളജുകള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും സമാജത്തിന് ആലോചനയുണ്ട്. പണ്ടുകാലങ്ങളില്‍ എന്‍.എസ്.എസിനെ നിലനിര്‍ത്തിയ മലബാറിലെ നായന്മാരെ അവഗണിച്ചതും സമാജം രൂപീകരിക്കാനുള്ള കാരണങ്ങളിലൊന്നാണ്. മലബാറില്‍ സൊസൈറ്റിയുടെ എസ്‌റ്റേറ്റുകളില്‍നിന്നുള്ള വരുമാനം സംഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. സമുദായത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമങ്ങളില്‍ യുവജനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. മലബാര്‍ നായര്‍ സമാജം രക്ഷാധികാരി മഞ്ചേരി ഭാസ്‌കരന്‍പിള്ള, ഓര്‍ഗനൈസിങ് സെക്രട്ടറി ഹരികൃഷ്ണന്‍, പി മോഹന്‍ദാസ് നായര്‍, ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു