ദുബൈയില്‍ ഇസ്‌ലാമിക വിരുദ്ധ കഥകള്‍ പഠിപ്പിച്ച സ്‌കൂളിന് അധികൃതരുടെ മുന്നറിയിപ്പ്

Posted on: November 22, 2014 12:06 am | Last updated: November 22, 2014 at 12:06 am

ദുബൈ: ഇസ്‌ലാമിക വിരുദ്ധ കഥകള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രേരണ നല്‍കിയ സ്വകാര്യ സ്‌കൂളിന് അധികൃതരുടെ മുന്നറിയിപ്പ്.
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ വിദ്യാലയത്തിനാണ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.
ടാബ്‌ലറ്റില്‍ പ്ലേ സ്റ്റോറിലൂടെ, ഇസ്‌ലാമിക വിരുദ്ധമായ കഥകള്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ചു അതിനെക്കുറിച്ച് ഇംഗ്ലീഷില്‍ പ്രബന്ധം എഴുതാന്‍ അധികൃതര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടതായി സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.പരാതിക്കാരനായ രക്ഷിതാവില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ച അധികൃതര്‍ സ്‌കൂളിന്റെ ഉത്തരവാദപ്പെട്ടവരെ വിളിച്ച് അന്വേഷണം നടത്തി. കഥയുടെ ചില ഭാഗത്ത് ഇസ്‌ലാമിക വിരുദ്ധ ഭാഗങ്ങളുള്ളത് നേരത്തെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ഇസ്‌ലാമിനെ അവമതിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിയിട്ടില്ലെന്നും രേഖാമൂലം വിശദീകരണം നല്‍കിയതോടെ അധികൃതരുടെ നടപടി മുന്നറിയിപ്പിലൊതുങ്ങുകയായിരുന്നു.
ഭാവിയില്‍ കഥകള്‍ പഠിക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ഉള്ളടക്കം പൂര്‍ണമായി പരിശോധിച്ച ശേഷം മാത്രമേ നിശ്ചയിക്കുകയുള്ളുവെന്നും സ്‌കൂള്‍ അധികൃതര്‍ ഉറപ്പുനല്‍കി.
പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിന് സൃഷ്ടികളെപ്പോലെ ശരീരമുണ്ടെന്ന് പറയുന്നു ഉള്ളടക്കമുള്ള കഥകളാണ് പ്ലേ സ്റ്റോറിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശിച്ചത്.