Connect with us

International

നവാസ് ശരീഫിെനതിരെ പുതിയ തന്ത്രങ്ങളുമായി ത്വാഹിറുല്‍ ഖാദിരി രാജ്യത്തെത്തി

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ സര്‍ക്കാറിനെതിരെ പുതിയ രാഷ്ട്രീയ തന്ത്രങ്ങളുമായി ത്വാഹിറുല്‍ ഖാദിരി രാജ്യത്തെത്തി. പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ നടത്തിവന്ന പ്രക്ഷോഭം പെട്ടെന്ന് അവസാനിപ്പിച്ചാണ് അദ്ദേഹം ഒരു മാസം മുമ്പ് രാജ്യം വിട്ടത്. പാക്കിസ്ഥാന്‍ അവാമി തഹ്‌രീക്ക് ( പി എ ടി) നേതാവ് ഖാദിരി ലാഹോറിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ രാവിലെയാണ് എത്തിയത്. യു എസ്, കാനഡ, യു കെ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ആരോഗ്യ പരിശോധനക്കും പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കാനുമാണ് സന്ദര്‍ശനം നടത്തിയതെന്നാണ് വിവരം. പൂക്കളും ബലൂണുകളും പാര്‍ട്ടി പാതകയുമായി എത്തിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിച്ച് സര്‍ക്കാറിനെതിരെ പ്രക്ഷോഭ പരിപാടികള്‍ നടത്താനാണ് പദ്ധതി. രാജ്യവ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ഖാദിരി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. നവംബര്‍ 23, ഡിസംബര്‍ 5, 14, 21, 25 തീയതികളില്‍ ഭക്കാര്‍, സര്‍ഗോധ, സിയാല്‍കോട്ട്, മന്‍സെഹ്‌റ തുടങ്ങിയ സ്ഥലങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പെട്ടെന്ന് പ്രക്ഷോഭം അവസാനിപ്പിച്ച് രാജ്യം വിട്ടത് നവാസ് ശരീഫുമായുള്ള കരാര്‍ മൂലമാണെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍, ഇത്തരം യാതൊരു കരാറും ഉണ്ടായിട്ടില്ലെന്ന് ഖാദിരി വ്യക്തമാക്കി. സമരത്തില്‍ പങ്കാളിയായിരുന്ന തഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടിയുമായും തനിക്ക് ഭിന്നതയില്ലെന്ന് അദ്ദേഹം പറഞ്ഞു.