ജര്‍മന്‍ ഭാഷ ഒഴിവാക്കാനുള്ള നടപടി ജുഡീഷ്യല്‍ പരിശോധനക്ക്

Posted on: November 22, 2014 5:31 am | Last updated: November 21, 2014 at 11:32 pm

supreme courtന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ മൂന്നാം ഭാഷയായി സംസ്‌കൃതത്തിന് പകരം ജര്‍മന്‍ ഭാഷ തിരഞ്ഞെടുക്കാനുള്ള അവസരം റദ്ദാക്കുന്ന കേന്ദ്ര നടപടി ജുഡീഷ്യല്‍ പരിശോധനക്ക്. സംസ്‌കൃതത്തിന് പകരം വേണമെങ്കില്‍ ജര്‍മന്‍ തിരഞ്ഞെടുക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ പോകുന്നത്. ഇതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. ഇതുസംബന്ധിച്ച പൊതു താത്പര്യ ഹരജി അടിയന്തരമായി പരിഗണിച്ച ജസ്റ്റിസ് എ ആര്‍ ദാവേ അധ്യക്ഷനായ ബഞ്ച് സര്‍ക്കാറിന്റെ പ്രതികരണം ഉടന്‍ അറിയിക്കണമെന്ന് ഉത്തരവിടുകയായിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നത് ഈ മാസം 28ലേക്ക് മാറ്റി.
ഏത് വിഷയമാണ് പഠിക്കാന്‍ തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാര്‍ഥിക്കും രക്ഷിതാവിനും വകവെച്ച് കൊടുക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ തീരുമാനം അടിച്ചേല്‍പ്പിക്കരുതെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. റീനാ സിംഗ് വാദിച്ചു. അക്കാദമിക് വര്‍ഷത്തിന്റെ മധ്യത്തില്‍ വെച്ച് സര്‍ക്കാര്‍ തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് ക്രൂരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കേന്ദ്രീയ വിദ്യാലയത്തിലെ ഒരു കൂട്ടം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് പൊതു താത്പര്യ ഹരജിയുമായി പരമോന്നത കോടതിയില്‍ എത്തിയത്.
കേന്ദ്രീയ വിദ്യാലയ സമിതിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ഈ മാസം 27ന് ചേര്‍ന്ന യോഗത്തിലാണ് സംസ്‌കൃതത്തിന് ഓപ്ഷനലായി ജര്‍മന്‍ പഠിക്കാനുള്ള അവസരം റദ്ദാക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ജര്‍മന്‍ അധിക വിഷയമായി തുടരുമെന്നും യോഗം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. എന്ന് വെച്ചാല്‍ മൂന്നാം ഭാഷയായി സംസ്‌കൃതം പഠിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ജര്‍മന്‍ തിരഞ്ഞെടുക്കാം. സംസ്‌കൃതം വേണ്ടെന്നു വെച്ച് ജര്‍മനിലേക്ക് വരാനാകില്ല.
ഇത്തരം തീരുമാനങ്ങള്‍ വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും ആലോചിച്ചു മാത്രമേ കൈകൊള്ളാകൂ. മാത്രമല്ല, വിദ്യാഭ്യാസ വര്‍ഷത്തിന്റെ മധ്യത്തില്‍ വെച്ച് ഇത്തരം തീരുമാനങ്ങളെടുക്കുന്നത് പഠന നിലവാരത്തെ വലിയ തോതില്‍ ബാധിക്കുമെന്നും ഹരജിയില്‍ പറയുന്നു. ഈ തീരുമാനത്തില്‍ വിദ്യാര്‍ഥികളുടെ ക്ഷേമമല്ല സര്‍ക്കാറിനെ നയിച്ചത്. ഭാഷകളുടെ കാര്യത്തില്‍ സര്‍ക്കാറിനുള്ള കടുംപിടിത്തങ്ങളാണ് ഇതില്‍ തെളിയുന്നത്. നിലവില്‍ തുടരുന്ന ഒരു സമ്പ്രദായം മാറ്റേണ്ട സാഹചര്യം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.