നമ്പര്‍ പ്ലേറ്റ് ലേലം: ആര്‍ ടി എക്ക് ലഭിച്ചത് 2.4 കോടി ദിര്‍ഹം

Posted on: November 21, 2014 10:50 pm | Last updated: November 21, 2014 at 10:43 pm

4191403995ദുബൈ: കഴിഞ്ഞ ദിവസം നടത്തിയ നമ്പര്‍ പ്‌ളേറ്റ് ലേലത്തിലൂടെ 2.4 കോടി ദിര്‍ഹം ലഭിച്ചതായി ആര്‍ ടി എ വ്യക്തമാക്കി. ഗ്രാന്‍ഡ് ഹയാത്തിലായിരുന്നു ലേലം നടന്നത്. 100 നമ്പര്‍ പ്ലേറ്റുകളായിരുന്നു ലേലത്തില്‍ വെച്ചിരുന്നതെന്ന് ആര്‍ ടി എ വാഹന ലൈസന്‍സിംഗ് ഏജന്‍സി വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍ കരീം നിമാത്ത് വെളിപ്പെടുത്തി. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നായി 200 ഓളം പേരാണ് ലേലത്തില്‍ പങ്കാളികളായത്. മൊത്തത്തില്‍ ലേലത്തിലൂടെ ആര്‍ ടി എക്ക് 2.4 കോടി ദിര്‍ഹം നേടാന്‍ സാധിച്ചു. എന്‍38 എന്ന നമ്പറിനാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. 22 ലക്ഷം ദിര്‍ഹത്തിനായിരുന്നു ഇത് ലേലത്തില്‍ പോയതെന്നും ഡയറക്ടര്‍ വെളിപ്പെുടുത്തി. ഒ-786ന് 9.35 ലക്ഷം ദിര്‍ഹം ലഭിച്ചു. എല്‍-33333ന് 8.6 ലക്ഷംവും എല്‍-6666ന് ഏഴു ലക്ഷവും ലഭിച്ചു.
ആളുകള്‍ വര്‍ധിച്ച ആവേശത്തോടെയാണ് ലേലത്തില്‍ പങ്കാളികളായത്. ഉപഭോക്താക്കളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ച് ആര്‍ ടി എ അധികം വൈകാതെ നമ്പര്‍ പ്ലേറ്റുകള്‍ക്കായി ഓണ്‍ലൈന്‍ ലേലം നടത്തും. തികച്ചും സുതാര്യമായ രീതിയിലാവും ഇത്. അടുത്ത മാസവും ആര്‍ ടി എ തുറന്ന ലേലം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.