Connect with us

Gulf

മികച്ച ഗവണ്‍മെന്റ് സേവന പരിപാടി: തിരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം

Published

|

Last Updated

ദുബൈ: ദുബൈയിലെ മികച്ച ഗവണ്‍മെന്റ് സേവന പരിപാടിയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കും. “ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട് പ്രോഗ്രാം” വിജയിയെ കണ്ടെത്തുന്നതിനുള്ള വോട്ടിംഗ് ക്യാമ്പയിന്റെ ഉദ്ഘാടനം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് നിര്‍വഹിച്ചു. പ്രത്യേകം രൂപംനല്‍കിയ അപ്ലിക്കേഷനിലൂടെ വോട്ട് രേഖപ്പെടുത്തിയാണ് ശൈഖ് ഹംദാന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.
സ്വദേശികള്‍ക്ക് പുറമെ, രാജ്യത്ത് താമസിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കുമൊക്കെ ആപ്പ് മുഖേന വോട്ട് രേഖപ്പെടുത്താം.
ആദ്യഘട്ടത്തില്‍ മികച്ച 12 സേവനങ്ങളെയാണ് വോട്ടിംഗിലൂടെ തിരഞ്ഞെടുക്കുക. ഇവയില്‍നിന്ന് ഏറ്റവും മികച്ച സേവന സംവിധാനത്തിന് പുരസ്‌കാരം നല്‍കും. പൊതുജനാഭിപ്രായവും ജൂറിയുടെ വിധിനിര്‍ണയവും അടിസ്ഥാനമാക്കിയായിരിക്കും വിജയിയെ നിശ്ചയിക്കുക.
വിജയിയെ തിരഞ്ഞെടുക്കുന്നതില്‍ പൊതുജനങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് ഉദ്ഘാടനവേളയില്‍ ശൈഖ് ഹംദാന്‍ വ്യക്തമാക്കി. വിജയിക്ക് വര്‍ഷം മുഴുവന്‍ “ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട് ഗവണ്‍മെന്റ് പ്രോഗ്രാ”മിന്റെ പതാക വഹിക്കാന്‍ അവസരം ലഭിക്കും. 2013ലെ വിജയിയായ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി 2014ലെ വിജയിക്ക് പതാക കൈമാറും.
ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ തുടങ്ങിയവ മുഖേന ഡൗണ്‍ലോഡ് ചെയ്തുവേണം വോട്ട് രേഖപ്പെടുത്താന്‍. തുടര്‍ന്ന് എമിറേറ്റ്‌സ് ഐ ഡി നമ്പര്‍ നല്‍കിക്കൊണ്ട് മികച്ച ഗവണ്‍മെന്റ് സേവന പരിപാടിക്ക് അല്ലെങ്കില്‍ സ്ഥാപനത്തിന് വോട്ട് ചെയ്യാം. ചൊവ്വാഴ്ച ആരംഭിച്ച വോട്ടിംഗ് ഡിസംബര്‍ മൂന്നുവരെ തുടരും.