മുണ്ടകന്‍ പാടത്ത് സ്വപ്നം വിളയുന്നു

Posted on: November 20, 2014 9:10 am | Last updated: November 20, 2014 at 9:10 am

അണ്ടത്തോട്: മലപ്പുറം, തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന അയിരൂര്‍ കുട്ടാടന്‍ പാടശേഖരത്തിന് ‘ടെണ്ടറായി. മഴയെ ആശ്രയിച്ച് പ്രധാനമായും കൃഷി ചെയ്യുന്ന പൊന്നാനി താലൂക്കിലെ പ്രധാന മുണ്ടകന്‍ കൃഷി ഇടമായ കുട്ടാടന്‍ പാടശേഖരത്തിന്റെ വികസന പദ്ധതികള്‍ക്കാണ് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതോടെ തുടക്കമായത്.
മുന്‍കാലങ്ങളില്‍ മഴക്കാലത്ത് വിരുപ്പ്, മുണ്ടകന്‍ നെല്‍കൃഷി ചെയ്തിരുന്നെങ്കിലും പ്രധാന തോടുകളുടെ കുറവും ഉപ്പു വെള്ളം കയറുന്നതും രണ്ട് തവണ കൃഷിയെ ബാധിച്ചിരുന്നു.
അതിനെ തുടര്‍ന്ന് മുണ്ടകന്‍ നെല്‍കൃഷിയാണ് കര്‍ഷകര്‍ക്ക് ഇറക്കാനാവുന്നത്. പെരുമ്പടപ്പ്, പുന്നയൂര്‍കുളം പഞ്ചായത്തിലെ 250 ഏക്കര്‍ വരുന്ന പാടശേഖരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന തോട് വര്‍ഷങ്ങളോളമായി ആഴവും വീതിയും കുറഞ്ഞതോടെ പാടശേഖരത്തേക്ക് ആവശ്യമായ വെള്ളം കിട്ടാതെ വരികയായിരുന്നു.
പാടശേഖരത്തിന്റെ വികസനത്തിന്റെ ഭാഗമായി തോടുകളുടെ നവീകരണത്തിന് രാഷ്ട്രീയ വികാസ് യോജന ആര്‍ കെ വി വൈ) ഫണ്ടില്‍ നിന്ന് 2.6 കോടി രൂപ അനുവദിച്ചതോടെയാണ് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്.
ഒന്നര കിലോമീറ്ററോളം വരുന്ന തോട് നവീകരിക്കുകയും കനോലി കനാലില്‍ നിന്ന് ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് രണ്ട് തടയണകളും നിര്‍മിക്കും. കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍(കെ എല്‍ ഡി സി)ആണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. നവീകരണം പൂര്‍ത്തിയാവുന്നതോടെ രണ്ട് തവണ കൃഷി ഇറക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ഈ ടെണ്ടര്‍ കര്‍ഷകര്‍ക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24നാണ്.