ആദര്‍ശ്: അശോക് ചവാന് തിരിച്ചടി

Posted on: November 20, 2014 5:49 am | Last updated: November 19, 2014 at 11:51 pm

ashok chavanമുംബൈ: ആദര്‍ശ് ഫഌറ്റ് കുംഭകോണ കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന് തിരിച്ചടി. കുറ്റപത്രത്തില്‍ നിന്ന് ചവാന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി തള്ളി.
സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ സി ബി ഐക്ക് നാല് ആഴ്ച സമയം അനുവദിച്ചുള്ള ഉത്തരവിന് സ്റ്റേ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ ചവാനെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ വിചാരണാ കോടതിക്ക് അധികാരമില്ല. ചവാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ സമര്‍പ്പിച്ച കുറ്റപത്രം വിചാരണാ കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളില്‍ ചവാനെതിരെ വിചാരണാ നടപടികള്‍ക്ക് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത് കൊണ്ട് മാത്രം ഉന്നയിച്ച ആരോപണങ്ങള്‍ ഇല്ലാതാകുന്നില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് എം എല്‍ തഹിലിയാനി നിരീക്ഷിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു വിധിപ്രസ്താവം.
കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകള്‍ക്ക് വേണ്ടി നിര്‍മിച്ച ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുടെ ഫഌറ്റുകള്‍ക്ക് അധിക ഫ്‌ളോര്‍ സ്‌പേസ് ഇന്‍ഡക്‌സ് (എഫ് എസ് ഐ) നല്‍കുന്നതിന് അധികാരം ദുരുപയോഗം ചെയ്തുവെന്നും കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നുമാണ് ചവാനെതിരെയുള്ള ആരോപണങ്ങള്‍. ഫഌറ്റ് സൈനിക മേഖലയുമായി ബന്ധമില്ലാത്തവര്‍ക്കും ലഭ്യമാക്കാനായിരുന്നു ഇത്. കോടികള്‍ വരുന്ന മാര്‍ക്കറ്റ് വിലക്ക് പകരം തുച്ഛമായ നിക്ഷേപം നടത്തി ചവാന്റെ അടുത്ത ബന്ധുക്കള്‍ ഫഌറ്റ് കൈക്കലാക്കിയെന്നും വിധിന്യായത്തില്‍ പറയുന്നു. മറ്റ് സൊസൈറ്റികള്‍ക്കും ഇത്തരത്തില്‍ സമാന ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടും ചവാനെ മാത്രം സി ബി ഐ കരുവാക്കിയെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അമിത് ദേശായ് വാദിച്ചു. എന്നാല്‍ മറ്റ് സൊസൈറ്റികള്‍ക്ക് ആനുകൂല്യം ലഭിച്ചതിന് തെളിവില്ലെന്ന് കോടതി അറിയിച്ചു. അതേസമയം, മറ്റ് സൊസൈറ്റികള്‍ക്ക് ആനുകൂല്യം ലഭിച്ചുവെന്നത് വാദത്തിന് വേണ്ടി സമ്മതിക്കാമെങ്കിലും ചവാന്റെ കാര്യത്തില്‍ പൊതുജന താത്പര്യത്തിനാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രത്തില്‍ നിന്ന് ചവാന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച ഹരജി വിചാരണാ കോടതിയും നേരത്തെ തള്ളിയിരുന്നു.