ഫലസ്തീന്‍ പൗരന്റെ വീട് ഇസ്‌റാഈല്‍ ഇടിച്ചുനിരത്തി

Posted on: November 20, 2014 4:51 am | Last updated: November 19, 2014 at 10:52 pm

israelജറൂസലം: കിഴക്കന്‍ ജറൂസലമില്‍ ഇസ്‌റാഈല്‍ സുരക്ഷാ സൈന്യം ഫലസ്തീന്‍ പൗരന്റെ വീട് ഇടിച്ചു തകര്‍ത്തു. രണ്ട് പേര്‍ മരിക്കാനിടയായ കഴിഞ്ഞ ഒക്‌ടോബറിലെ ചാവേര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ഇസ്‌റാഈല്‍ പറയുന്ന വ്യക്തിയുടെ വീടാണ് ഇടിച്ചു നിരപ്പാക്കിയത്. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ ജറൂസലമില്‍ സിനഗോഗിന് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് അമേരിക്കക്കാര്‍ ഉള്‍പ്പെടെ നാല് ജൂതരും രണ്ട് ഫലസ്തീനികളും കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെയാണ് ഇസ്‌റാഈല്‍ സൈന്യം ഫലസ്തീനിയുടെ വീട് തകര്‍ത്തത്. ജൂതര്‍ക്ക് നേരെ ആക്രമണം നടത്തിയ അബ്ദുര്‍റഹ്മാന്‍ അല്‍ ശലൂദിയുടെ വീട്ടില്‍ ഇദ്ദേഹത്തിന്റെ ഭാര്യയടക്കം നാല് അംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ വീടുവിട്ട് പുറത്തുപോയിരുന്നു. നടപടിക്ക് മുന്നോടിയായി ഇസ്‌റാഈല്‍ സൈന്യം സമീപത്തെ മുഴുവന്‍ വീടുകളിലും പരിശോധന നടത്തി.
ഇസ്‌റാഈല്‍ സൈന്യത്തിന്റെ ക്രൂരമായ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഘടിത ആക്രമണമാണ് നടത്തുന്നതെന്ന് ഫലസ്തീനികള്‍ ചൂണ്ടിക്കാട്ടി. ആക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍ അവകാശപ്പെടുന്ന ഫലസ്തീന്‍ പൗരനെ കൊലപ്പെടുത്തിയിട്ടും ഇപ്പോഴും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വീടിനെയും വേട്ടയാടുന്ന നടപടിയാണ് ഇസ്‌റാഈലിന്റെതെന്ന് അവര്‍ വ്യക്തമാക്കുന്നു.