ഗോവിന്ദാപുരം ചെക്ക് പോസ്റ്റില്‍ കഞ്ചാവ് പിടികൂടി

Posted on: November 19, 2014 12:31 am | Last updated: November 19, 2014 at 1:32 pm

കൊല്ലങ്കോട്: അതിര്‍ത്തി പ്രദേശങ്ങളില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ ബസില്‍ കടത്തുകയായിരുന്ന 2100 ഗ്രാം കഞ്ചാവ് പിടികൂടി.
മുതലമട ഗോവിന്ദാപുരം ചെക്ക് പോസ്റ്റില്‍ അന്തര്‍ സംസ്ഥാന പാതയില്‍ വാഹനം പരിശോധിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഏഴരയോടെ പൊള്ളാച്ചിയില്‍ നിന്നും തൃശൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ തൃശൂര്‍ സ്വദേശി ചാലക്കുടി ഇല്ലിക്കല്‍ വീട്ടില്‍ ബിജു(40) എക്‌സൈസ് പിടികൂടിയത്.
ജില്ലാ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ പി കെ സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബസില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന കഞ്ചാവ് ഇയാളില്‍ നിന്ന് പിടികൂടിയത്.
പഴനി, കമ്പം, തേനി മേഖലകളില്‍ നിന്നും വിതരണം ചെയ്യുന്ന നീലച്ചടയന്‍ വിഭാഗത്തിലുള്ള മുന്തിയ ഇനം കഞ്ചാവാണ് പിടികൂടിയത്. തൃശൂര്‍, ചാലക്കുടി ഭാഗങ്ങളിലായി വിതരണം നടത്തുന്നതിനായി കടത്തിയതാണെന്ന് എക്‌സൈസ് വകുപ്പിനോട് ബിജു പറഞ്ഞു. 3 ഗ്രാം അടങ്ങുന്ന പൊതിക്ക് 50 രൂപ നിരക്കിലാണ് വില്‍പന നടത്തുന്നതെന്നു പറയുന്നു. ഗോവിന്ദാപുരം ചെക്ക് പോസ്റ്റില്‍ നാലുമാസത്തിനുള്ളില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന കഞ്ചാവ്, നിരോധിത പാന്‍ മസാലകള്‍ ഇതിനകം പിടികൂടിയിട്ടുണ്ട്.
300 ഗ്രാം, 2 കിലോ, 1 കിലോ 700 ഗ്രാം, 2 കിലോ 100 ഗ്രാം ഇങ്ങനെയാണ് പിടികൂടിയത്. കൂടാതെ കഴിഞ്ഞമാസം 5 ചാക്ക് പാന്‍മസാലയും പോലിസ് എക്‌സൈസ് സംയുക്തമായി പിടികൂടി. ഗോവിന്ദാപുരം വഴി കേരളത്തിലേക്ക് കള്ളുകടത്ത് വ്യാപകമാണ്.
ഇതുവഴി നിരവധി തവണ കഞ്ചാവ് കടത്തിയിരുന്നതായും ബിജു എക്‌സൈസിനോട് പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി ജി കുര്യാക്കോസ്, പ്രിവന്റീവ് ഓഫീസര്‍ സി ജെ ഫാന്‍സിസ്, ചെക്ക്‌പോസ്റ്റ് പ്രിവന്റീവ് ഓഫീസര്‍ ജി ജയപ്രകാശ്, സി ഇ ഒമാരായ എം ആര്‍ രാജപ്പന്‍, പി പ്രദീപ്, ജി സന്തോഷ് കുമാര്‍, ഡി ഷേയ്ക്ക് മുജീബ് റഹ്മാന്‍ സംഘമാണ് വാഹന പരിശോധനയിലൂടെ കഞ്ചാവും പ്രിതിയേയും പിടികൂടിയത്. എക്‌സൈസ് പിടികൂടിയ ബിജു നിരവധി കേസുകളിലെ പ്രതിയാണെന്നും പറയുന്നു.
2004 ല്‍ കുന്നകുളം വെള്ളര്‍ക്കാട് പോലിസ് സ്റ്റേഷന്‍ ബോബേറ് കേസിലും വെടിമരുന്ന് അനധികൃതമായി സുക്ഷിച്ചതിന് അങ്കമാലി സ്റ്റേഷനിലും കേസുണ്ട്. 3 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചതായും പറയുന്നു.