ബാലഭവനിലെ കുട്ടികളെ കാണാതായ സംഭവം: കേസെടുക്കാന്‍ നിര്‍ദേശം

Posted on: November 19, 2014 1:29 pm | Last updated: November 19, 2014 at 1:29 pm

മാനന്തവാടി: നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാലഭവനില്‍ പെണ്‍കുട്ടികള്‍കളുള്‍പ്പെടെ കാണാതായ സംഭവത്തില്‍ കേസെടുക്കാനും കുട്ടികളെ കാണാതായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താനും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നിര്‍ദേശം നല്‍കി. കണ്ണൂര്‍ ആലക്കോട് സ്വദേശി ഷാജി കഴിഞ്ഞ ഒമ്പത് നടത്തുന്ന ദ്വാരകയിലെ സ്‌നേഹ ആശ്രമ ട്രസ്റ്റിന് കീഴിലുള്ള സെന്റ് സാവിയോ ബാലഭവനില്‍ നിന്നാണ് പത്ത് വയസില്‍ താഴെയുള്ള കുട്ടികളെ കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഇവരെ കാണാനില്ലെന്നായിരുന്നു സ്ഥാപന ഉടമ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയത്. ഇവരെ വൈകിട്ട് നാല് മണിയോടെ വെള്ളമുണ്ടയിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കണ്ടെത്തുകയായിരുന്നു. സ്ഥാപനത്തില്‍ നിന്നും തങ്ങള്‍ക്ക് മര്‍ദനമേല്‍ക്കാറുണ്ടായിരുന്നുവെന്ന് കുട്ടികള്‍ നാട്ടുകാരോട് പറഞ്ഞിരുന്നു. മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച കുട്ടികളെ രാത്രി എട്ട് മണിയോടെ മാനന്തവാടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി. തങ്ങളെ സ്ഥാപനത്തിലെ ജീവനക്കാര്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും മാനസികമായും ശാരീരികമായും പീഢിപ്പിക്കാറുണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ക്ക് സ്ഥാപനത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്നുമാണ് മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കിയതായി സൂചന. കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികക് മുമ്പാകെ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു. രാത്രി 10ന് സി ഡബ്യു സി മുമ്പാകെ ഹാരാക്കിയ കുട്ടികളെ കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഇവരെ കോഴിക്കോട് ഡി ഡബ്യു സി മുമ്പാകെ ഹാജരാക്കും. കുട്ടികളുടെ രക്ഷിതാക്കളും കോഴിക്കോട് എത്തിയിട്ടുണ്ട്. അതേ സമയം സംഭവത്തില്‍ കേസെടുക്കാന്‍ വളരെ വൈകിയാണ് സി ഡബ്യു സി തയ്യാറായത് മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ്. ചെയര്‍മാന്റെ മൂക്കിന് താഴെ സ്ഥാപനം പ്രവര്‍ത്തിക്കുന്നതും, പെണ്‍കുട്ടികളെ പാര്‍പ്പിച്ചതും കുട്ടികളെ കാണാതായതും ദുരൂഹതക്കിടയാക്കിയിട്ടുണ്ട്. സ്ഥാപനത്തില്‍ പെണ്‍കുട്ടികളെ പാര്‍പ്പിക്കാനുള്ള ലൈസന്‍സില്ലെന്നുമാണ് അറിയുന്നത്.