Connect with us

Wayanad

നിയമന തട്ടിപ്പിലെ ഒന്നാം പ്രതിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു: ജനതാദള്‍(എസ്)

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടിലെ ഏറെ കോളിളക്കം സൃഷ്ടിച്ച നിയമന തട്ടിപ്പിലെ ഒന്നാം പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ജനതാദള്‍(എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം ജോയി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് ഇയാളെ ജോലിയില്‍ തിരികെയെടുക്കാനുള്ള റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. ഈ കേസില്‍ നാലര വര്‍ഷം കഴിഞ്ഞിട്ടും സുപ്രീം േകാടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സിന് സാധിച്ചിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് ഇതിന് കാരണമായി അവര്‍ പറയുന്നത്. സുപ്രീംകോടതിയില്‍ നിന്നും പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളുമാണ് ഇതിലൂടെ വിജിലന്‍സ് ഉണ്ടാക്കികൊടുത്തിരിക്കുന്നത്. കുറ്റാരോപിതനായ ഒരു വ്യക്തിയെ ദീര്‍ഘകാലം ജോലിക്കുപുറത്തു നിര്‍ത്തുന്നത് ശരിയല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഇത് വിജിലന്‍സിന്റെ സന്ദര്‍ഭോജിതമായി ഇടപെടല്‍ ഇല്ലാത്തത് കാരണമാണെന്നും പി.എം ജോയി ആരോപിച്ചു. ഇതേ തുടര്‍ന്ന ഒന്നാം പ്രതിയായ അഭിലാഷ് എസ് പിള്ളയെ വയനാട്ടിലും അദ്ദേഹത്തിന്റെ സ്വദേശമായ കൊല്ലത്തുമൊഴികെ മറ്റ് സ്ഥലങ്ങളില്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവാണ് റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറി ഇറക്കിയിരിക്കുന്നത്. ഈ ഉത്തരവ് റദ്ദ് ചെയ്യണമെന്നും കേസില്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പി.എം ജോയി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഈ മാസം 21ന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പി.എം ജോയിയോടൊപ്പം പങ്കെടുത്ത ജില്ലാ പ്രസിഡണ്ട് എന്‍.കെ മുഹമ്മദ്കുട്ടി അറിയിച്ചു.