കോയാ റോഡിലെ മദ്യഷാപ്പിലേക്ക് സ്റ്റോക്ക് എടുക്കുന്നത് നിര്‍ത്തുന്നു

Posted on: November 19, 2014 10:58 am | Last updated: November 19, 2014 at 10:58 am

കോഴിക്കോട്: പുതിയങ്ങാടി കോയാ റോഡിലെ ബിവേറേജസ് കോര്‍പറേഷന്റെ കീഴിലുള്ള മദ്യഷാപ്പിലേക്ക് ഇനി സ്റ്റോക്ക് എടുക്കേണ്ടെന്ന് കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. മദ്യഷാപ്പ് പൂട്ടണമെന്നാവശ്യപ്പെട്ട് 15 ദിവസത്തിനകം സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു. നാട്ടുകാരുടെ എതിര്‍പ്പ് നിലനില്‍ക്കുന്ന മദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ മദ്യ നയത്തിന്റെ ഭാഗമായി ജില്ലയില്‍ മൂന്ന് മദ്യഷാപ്പുകള്‍ പൂട്ടിയെന്നും ഇതിന്റെ തുടര്‍ച്ചയായി അടുത്ത ഘട്ടത്തില്‍ കോയാ റോഡിലെ മദ്യഷാപ്പും പൂട്ടാന്‍ ശിപാര്‍ശ ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സമരക്കാര്‍ തയാറായില്ല. തുടര്‍ന്ന് ബിവറേജസ് കോര്‍പറേഷന്‍, എക്‌സൈസ് അധികൃതര്‍ എന്നിവരുമായി ആശയവിനിമയം നടത്തിയ ശേഷം സ്റ്റോക്ക് എടുക്കേണ്ടെന്ന് കലക്ടര്‍ തീരുമാനിക്കുകയായിരുന്നു.
നാട്ടുകാരുടെ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഈ ബീവറേജ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇവിടേക്ക് മദ്യവുമായി വന്ന ലോറി നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇത് സംഘര്‍ഷത്തില്‍ എത്തിയതിനെ തുടര്‍ന്നാണ് കലക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.
എ പ്രദീപ്കുമാര്‍ എം എല്‍ എ, കൗണ്‍സിലര്‍മാരായ സി പി സലീം, ടി കെ സൗദാബി, കെ വി ബാബുരാജ്, മദ്യനിരോധന സമിതി ഭാരവാഹികളായ പ്രഫ. ടി എം രവീന്ദ്രന്‍, ഒ ജെ ചിന്നമ്മ, ഡി വൈ എസ് പി ജോസി ചെറിയാന്‍തുടങ്ങിയവര്‍ പങ്കെടുത്തു.